ലണ്ടന്‍ : ആഭ്യന്തര ടി20 ലീഗുകളുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ. ആഭ്യന്തര ടി20 ലീഗുകളുടെ വളര്‍ച്ച രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ കുറയ്‌ക്കുന്നതിന് കാരണമാവുന്നതായും, ഇത് ചെറിയ രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ചില ചെറിയ രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും. വരുമാനത്തെ ബാധിക്കും, അവർക്ക് എക്സ്പോഷർ ലഭിക്കില്ല, പ്രത്യേകിച്ച് ഇന്ത്യയ്‌ക്കെതിരെയും മറ്റ് വലിയ രാജ്യങ്ങൾക്ക് എതിരെയും. 10-15 വർഷത്തിനിടയിൽ, ഞാൻ ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് ഒരു അവിഭാജ്യ ഘടകമായി കാണുന്നു. അതിനപ്പുറം പോകില്ല' - ഗ്രെഗ് ബാർക്ലേ പറഞ്ഞു.
ലോക ക്രിക്കറ്റിലെ "ബിഗ് ത്രീ" ടീമുകളായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ ടെസ്റ്റ് ക്രിക്കറ്റിലെ ക്രമീകരണങ്ങൾ വലിയ തോതിൽ ബാധിക്കില്ലെന്നും ബാർക്ലേ സൂചന നൽകി.' ചില രാജ്യങ്ങളെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ക്രമീകരണങ്ങൾ വലിയ തോതില്‍ ബാധിക്കില്ല. എന്നാല്‍ ചില ചെറിയ പൂർണ അംഗങ്ങൾക്ക് അവർ ആഗ്രഹിച്ച ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് അംഗീകരിക്കേണ്ടിവരും.
അതിനാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കുറവുവന്നേക്കാം. നാല് അല്ലെങ്കിൽ അഞ്ച് വര്‍ഷത്തേക്ക് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇന്ത്യയും ഇപ്പോൾ ഉള്ളതുപോലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമെന്ന് ഞാൻ കരുതുന്നു'- അദ്ദേഹം പറഞ്ഞു.
also read: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകാന്‍ വിഖ്യാത സ്റ്റേഡിയം? സൂചനയുമായി ഐസിസി
വനിത ക്രിക്കറ്റില്‍ വേണ്ട രീതിയില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്നില്ലെന്നും, അടുത്ത വര്‍ഷത്തെ ടൂർ പ്രോഗ്രാം തീരുമാനിക്കുന്നതിൽ ഐസിസി ഗുരുതരമായ വെല്ലുവിളി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.