ഐപിഎൽ ഡിജിറ്റൽ സംപ്രേക്ഷണാവകാശത്തിനായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും റിലയൻസ് ഇൻഡസ്‌ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18നും തമ്മിൽ കടുത്ത മത്സരമായിരുന്നു നടത്തിയത്. എന്നാൽ ഒടുവിൽ കോടികൾ മുടക്കി വയാകോം സംപ്രേക്ഷണാവകാശം സ്വന്തമാക്കുകയായിരുന്നു. ടെലിവിഷന്‍ സംപ്രേഷണാവകാശം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും സ്വന്തമാക്കി. ജിയോ സിനിമാസിലൂടെ റെക്കോഡ് കാണികളാണ് കഴിഞ്ഞ ഐപിഎൽ കണ്ടത്.
അതേസമയം ഡിജിറ്റൽ സംപ്രേക്ഷണാവകാശം കൈവിട്ടതിലൂടെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന് വലിയ തിരിച്ചടി ലഭിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഐപിഎല്‍ സംപ്രേഷണാവകാശം നഷ്‌ടമായതിന് പിന്നാലെ കഴിഞ്ഞ ഒമ്പത് മാസത്തെ കാലയളവില്‍ ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് ഉപഭോക്‌താക്കളുടെ എണ്ണത്തിൽ റെക്കോഡ് കൊഴിഞ്ഞുപോക്കാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒൻപത് മാസത്തിനിടെ ഏകദേശം രണ്ട് കോടി പെയ്‌ഡ് ഉപയോക്താക്കളെയാണ് ഹോട്ട്‌സ്റ്റാറിന് നഷ്‌ടമായതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
2022 ഒക്‌ടോബർ- ഡിസംബർ കാലയളവിൽ 38 ലക്ഷം പെയ്‌ഡ് സസ്‌ക്രൈബേഴ്‌സാണ് ഹോട്ട്‌സ്റ്റാറിനെ കൈവിട്ടത്. ഐപിഎൽ തുടങ്ങുന്നതിന് തൊട്ടുമുൻപ്, അതായത് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 42 ലക്ഷം ഉപയോക്താക്കളെ ഹോട്‌സ്റ്റാറിന് നഷ്‌ടമായി. ഐപിഎൽ നടന്ന ഏപ്രിൽ- ജൂണ്‍ മാസങ്ങളിൽ 1.25 കോടി പെയ്‌ഡ് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഐപിഎൽ സീസണ്‍ മുതലാണ് ടെലിവിഷൻ സംപ്രേക്ഷണവകാശവും ഡിജിറ്റൽ സംപ്രേക്ഷണവകാശവും വെവ്വേറെയായി ബിസിസിഐ ലേലത്തിൽ വച്ചത്. 2023-2027 സീസണിലെ ടെലിവിഷന്‍ സംപ്രേഷണാവകാശം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും (23,575 കോടി രൂപ), ഡിജിറ്റല്‍ സ്‌ട്രീമിങ് അവകാശം റിലയന്‍സിന്‍റെ വയാകോം 18നും (23,758 കോടി രൂപ) സ്വന്തമാക്കുകയായിരുന്നു.
48,390 കോടി രൂപയാണ് സംപ്രേക്ഷണാവകാശം വിൽപ്പന നടത്തിയതിലൂടെ ബിസിസിഐ സ്വന്തമാക്കിയത്. 2023 മുതൽ 2027 വരെയുള്ള അഞ്ച് സീസണുകളിലായി 410 ഐപിഎൽ മത്സരങ്ങൾക്കുള്ള പാക്കേജ് എ (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടിവി സംപ്രേഷണാവകാശം) 23,575 കോടി രൂപയ്‌ക്കാണ് വിറ്റത്. അതായത് ഒരു മത്സരത്തിന് ഫലത്തിൽ 57.5 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക.
ഒരു മത്സരത്തിന് 50 കോടി രൂപയാണ് ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി വയാകോം 18 നല്‍കുന്നത്. ഡിജിറ്റൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതിലൂടെ ഐപിഎല്ലിൽ വയാകോം വലിയ നേട്ടമാണ് സ്വന്തമാക്കിയത്. സബ്സ്ക്രൈബ് ചെയ്യാതെ തന്നെ സൗജന്യമായാണ് ജിയോ സിനിമാസിലൂടെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്‌തത്. അതിനാൽ തന്നെ റെക്കോഡ് കാഴ്‌ചക്കാരെ സ്വന്തമാക്കാനും ജിയോ സിനിമാസിനായിരുന്നു.