ലണ്ടൻ: കണ്‍സിസ്റ്റന്‍സി എന്ന വാക്കിന് ക്രിക്കറ്റ് ലോകത്തെ പുതിയ നിര്‍വചനമായിക്കൊണ്ടിരിക്കുകയാണ് പാക്കിസ്ഥാൻ നായകൻ ബാബർ അസം. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഒരേ മികവ് തുടരുകയാണ് ബാബർ. ലോങ് ഫോർമാറ്റായ ടെസ്‌റ്റിനേക്കാൾ ലിമിറ്റഡ് ഓവർ ഫോർമാറ്റിലാണ് ബാബർ കൂടുതൽ മികവ് കാണിക്കുന്നത്.
വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലും തിളക്കമാർന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലായി ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 181 റൺസാണ് താരം നേടിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 306 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ അസമിന്‍റെ സെഞ്ച്വറിക്കരുത്തിൽ അനായാസം ലക്ഷ്യത്തിലെത്തിയിരുന്നു.
ഇതിനിടെ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് അസം എന്ന അഭിപ്രായ പ്രകടനവുമായി മുൻ ന്യൂസിലൻഡ് പേസർ സൈമൺ ഡുൾ രംഗത്തെത്തി. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ കമന്‍ററിക്കിടെയാണ് ഡുള്ളിന്‍റെ അഭിപ്രായം.
'ബാബർ അസമാണ് നിലവിൽ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം. ഇക്കാര്യത്തിൽ അധികം ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ല. അവിശ്വസനീയമായ രീതിയിലാണ് അസമിന്‍റെ ബാറ്റിങ്. ജോ റൂട്ട് അസമിന് വെല്ലുവിളി ഉയർത്താൻ പോന്ന ആളാണെന്നു സമ്മതിക്കുന്നു. പക്ഷേ, ബിഗ് ഫോറിനെപ്പറ്റിയാണു നിങ്ങൾ സംസാരിക്കുന്നത് എങ്കിൽ, നിലവിലെ പ്രകടനംവച്ചു നോക്കിയാൽ അസമാണു ബിഗ് വൺ'. ഡുളിന്‍റെ വാക്കുകൾ.
മുൻ ഇന്ത്യൻ നായകൻ വിരാട് കോലി, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്ത്, മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ എന്നിവരാണ് നിലവിൽ ഫാബ് ഫോർ എന്ന പേരിൽ അറിയപ്പെടുന്നത്.