മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തിലും തോല്‍വി വഴങ്ങിയതോടെ ഇന്ത്യന്‍ വനിതകള്‍ പരമ്പര കൈവിട്ടിരുന്നു. മൂന്ന് ഏകദിന പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ഓസീസ് വനിതകള്‍ പരമ്പര പിടിച്ചത്. വാങ്കഡെയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യ തോറ്റത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 258 റണ്‍സായിരുന്നു നേടിയത്. 98 പന്തില്‍ 63 റണ്‍സ് നേടിയ ഫോബ് ലിച്ച്ഫീൽഡായിരുന്നു ഓസീസിന്‍റെ ടോപ് സ്‌കോറര്‍. ഫോബ് ലിച്ച്ഫീൽഡിന് മൂന്ന് തവണ ജീവന്‍ നല്‍കിയ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മത്സരത്തില്‍ ആകെ ഏഴ് ക്യാച്ചുകളാണ് നിലത്തിട്ടത്.
അമന്‍ജ്യോത് കൗര്‍, യാസ്‌തിക ഭാട്ടിയ, സ്‌നേഹ് റാണ, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്‌തി ശര്‍മ എന്നിവര്‍ ഓരോന്ന് വീതവും സ്‌മൃതി മന്ദാന രണ്ട് ക്യാച്ചുകളുമാണ് പാഴാക്കിയത്. മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരങ്ങളിലൊന്നായി ഈ മോശം ഫീല്‍ഡിങ് മാറുകയും ചെയ്‌തു. എന്നാല്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ഈ മോശം പ്രകടനത്തെ ന്യായീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.
ക്യാച്ചുകള്‍ നഷ്‌ടപ്പെടുന്നതും കളിയുടെ ഭാഗമാണെന്നാണ് ഹര്‍മന്‍പ്രീത് കൗര്‍ പറയുന്നത്. "ക്യാച്ചുകള്‍ നഷ്‌ടപ്പെടുന്നതും കളിയുടെ ഭാഗമാണ്. കടുത്ത ചൂടിലാണ് ഞങ്ങൾ കളിക്കുന്നത്. എങ്ങനെ തിരിച്ചുവരുന്നു എന്നത് എപ്പോഴും പ്രധാനമാണ്.
ബോളർമാർ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും അവരെ പിന്തുണയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഞങ്ങൾ അവരോട് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു" - ഹർമൻപ്രീത് കൗര്‍ മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ പറഞ്ഞു.
അതേസമയം മറുപടിയ്‌ക്ക് ഇറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 255 റണ്‍സാണ് എടുക്കാന്‍ കഴിഞ്ഞത്. ഇതോടെ സെഞ്ചുറിക്ക് തൊട്ടരികില്‍ വീണ റിച്ച ഘോഷിന്‍റെ പോരാട്ടം പാഴാവുകയും ചെയ്‌തു. 117 പന്തുകളില്‍ 13 ബൗണ്ടറികളോടെ 96 റണ്‍സായിരുന്നു താരം നേടിയത്.
55 പന്തുകളില്‍ 44 റണ്‍സെടുത്ത ജെമീമ റോഡ്രിഗസും 38 പന്തില്‍ 34 റണ്‍സെടുത്ത സ്‌മൃതി മന്ദാനയും നിര്‍ണായക സംഭാവന നല്‍കി. 43.4 ഓവറില്‍ അഞ്ചിന് 218 റണ്‍സെന്ന നിലയില്‍ നിന്നാണ് ആതിഥേര്‍ കളി കൈവിട്ടത്. 36 പന്തില്‍ 24 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപ്തി ശര്‍മയ്‌ക്കും ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.
യാസ്‌തിക ഭാട്ടിയ (26 പന്തില്‍ 14), ഹര്‍മന്‍പ്രീത് കൗര്‍ (10 പന്തില്‍ 5) എന്നിവര്‍ നിരാശപ്പെടുത്തി. നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്‌തി ശര്‍മയ്‌ക്ക് ബോളിങ്ങില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നു. ജനുവരി രണ്ട് വാങ്കഡെയില്‍ തന്നെ പരമ്പരയിലെ അവസാന മത്സരം നടക്കും.