കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് (Cricket World Cup 2023) കിരീട പ്രതീക്ഷയുമായെത്തിയ പാകിസ്ഥാന്‍ സെമി ഫൈനലിന് പോലും യോഗ്യത നേടാനാകാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഒന്‍പത് മത്സരങ്ങളില്‍ നിന്നും നാല് ജയം മാത്രമാണ് ബാബര്‍ അസമിനും സംഘത്തിനും നേടാനായത്. പ്രഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോടും തോറ്റാണ് പാകിസ്ഥാന്‍ മടങ്ങുന്നത്.
ഇന്നലെ (നവംബര്‍ 11) കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 93 റണ്‍സിനായിരുന്നു പാകിസ്ഥാന്‍റെ തോല്‍വി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് പാകിസ്ഥാന്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് 9 വിക്കറ്റ് നഷ്‌ടത്തില്‍ 337 എന്ന സ്കോറാണ് അടിച്ചെടുത്തത്. പാകിസ്ഥാന്‍റെ പേരുകേട്ട ബൗളിങ് നിര മത്സരത്തില്‍ ഇംഗ്ലണ്ടിന് റണ്‍സ് വിട്ടികൊടുക്കുന്നതില്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല.
അവരുടെ പ്രീമിയം പേസറായ ഷഹീന്‍ അഫ്രീദി മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും 10 ഓവറില്‍ 72 റണ്‍സാണ് വഴങ്ങിയത്. ഹാരിസ് റൗഫിന്‍റെ അവസ്ഥയും ഇത് തന്നെയായയിരുന്നു. മൂന്ന് വിക്കറ്റാണ് റൗഫ് മത്സരത്തില്‍ സ്വന്തമാക്കിയത്. താരത്തിന്‍റെ പത്തോവറില്‍ നിന്നും 64 റണ്‍സും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചെടുത്തിരുന്നു.
ഈ പ്രകടനം ഹാരിസ് റൗഫിന് സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ മോശം റെക്കോഡുകളിലൊന്നാണ്. ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമായിട്ടാണ് ഹാരിസ് റൗഫ് നാട്ടിലേക്ക് മടങ്ങുന്നത്. 9 മത്സരങ്ങളില്‍ 16 വിക്കറ്റ് വീഴ്‌ത്തിയ ഹാരിസ് റൗഫ് 533 റണ്‍സാണ് ലേകകപ്പില്‍ വഴങ്ങിയത്. കൂടാതെ ലോകകപ്പിന്‍റെ ഒരൊറ്റ പതിപ്പില്‍ കൂടുതല്‍ സിക്‌സ് വഴങ്ങിയ ബൗളറും ഹാരിസ് റൗഫാണ്. ഈ ലോകകപ്പില്‍ 16 പ്രാവശ്യമാണ് എതിരാളികള്‍ റൗഫിനെ അതിര്‍ത്തി കടത്തിയത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഇന്നിങ്‌സ് 43.3 ഓവറില്‍ 244 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മുന്‍ നിരയുടെ തകര്‍ച്ചയാണ് മത്സരത്തില്‍ പാകിസ്ഥാന് തിരിച്ചടിയായത്. 45 പന്തില്‍ 51 റണ്‍സ് നേടിയ സല്‍മാന്‍ അലി ആഗയൊഴികെ മറ്റാര്‍ക്കും പാക് നിരയില്‍ മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല.
പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം 38 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ 36 റണ്‍സുമായിരുന്നു നേടിയത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും ആദില്‍ റഷീദ്, മൊയീന്‍ അലി, ഗസ് അറ്റ്‌കിന്‍സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ മൂന്നാമത്തെ ജയമായിരുന്നു ഇത്.