മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ അപരാജിത സെഞ്ചുറിയുമായാണ് കെഎല്‍ രാഹുല്‍ തിളങ്ങിയത്. പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്കായുള്ള ആദ്യ മത്സരത്തില്‍ തന്നെയായിരുന്നു രാഹുലിന്‍റെ സെഞ്ചുറി പ്രകടനം. മത്സരത്തില്‍ 106 പന്തുകളില്‍ നിന്നായി 111 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്.
31-കാരന്‍റെ ഈ പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh lauds KL Rahul performance against Pakistan). പരിക്കിന് ശേഷം ഇത്തരത്തിലൊരു മടങ്ങിവരവ് ഒരിക്കലും എളുപ്പമല്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്(Harbhajan Singh on KL Rahul). ഉജ്വലമായി കളിച്ച് തന്‍റെ മടങ്ങിവരവ് അവിസ്‌മരണീയമാക്കാന്‍ രാഹുലിന് കഴിഞ്ഞുവെന്നും മുന്‍ സ്‌പിന്നര്‍ പറഞ്ഞു.
"പരിക്കിന് ശേഷം ഇത്തരത്തിലൊരു മടങ്ങിവരവ് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഉജ്വലമായ പ്രകടനത്തിലൂടെ തന്‍റെ തിരിച്ചുവരവ് അവിസ്മരണീയമാക്കാന്‍ രാഹുലിന് കഴിഞ്ഞു. എന്‍റെ അഭിപ്രായത്തില്‍ ഷദാബ് ഖാനെതിരെ അവന്‍ കൈത്തണ്ട ഉപയോഗിച്ച് മിഡ് വിക്കറ്റിലേക്ക് കളിച്ച ആ ഷോട്ട്, മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ഷോട്ടാണ്.
എന്നാല്‍ ഏതെങ്കിലും ഒരു സ്‌ട്രോക്കിന് അതിനെ വെല്ലുവിളിക്കാനും കഴിയുമെങ്കിൽ, അത് ഇന്നിങ്‌സിലെ അവസാന പന്തിൽ വിരാട് കോലി (Virat Kohli) നേടിയ സിക്‌സായിരുന്നു"- ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം പാകിസ്ഥാന് (India vs Pakistan) ഒരിക്കലും നേടാന്‍ കഴിയുന്നതായിരുന്നില്ലെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. "പാകിസ്ഥാന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം വളരെ വലുതായിരുന്നു. അവര്‍ക്ക് ചേസ് ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. ഇതിന് മുന്‍പ് എല്ലാവരും പാകിസ്ഥാന്‍റെ ബോളിങ് നിരയുടെ കരുത്തിനെപ്പറ്റിയായിരുന്നു സംസാരിച്ചിരുന്നത്. ഞാനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആ ബോളിങ് നിരയ്‌ക്ക് എതിരായാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയത്"- ഹര്‍ഭജന്‍ വ്യക്തമാക്കി.
അതേസമയം മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്‍റെ വിജയമാണ് നേടിയത്. രാഹുലിനെ കൂടാതെ വിരാട് കോലിയും തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 94 പന്തുകളില്‍ പുറത്താവാതെ 122 റണ്‍സാണ് കോലി കണ്ടെത്തിയിരുന്നത്. രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനവും ടീമിന് മുതല്‍ക്കൂട്ടായി.
മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാന്‍ 32 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 128 റണ്‍സില്‍ ഒതുങ്ങി. പരിക്കിനെ തുടര്‍ന്ന് പാക് നിരയിലെ രണ്ട് താരങ്ങള്‍ക്ക് ബാറ്റിങ്ങിന് ഇറങ്ങാനായില്ല.
ഇന്ത്യ പ്ലെയിങ് ഇലവന്‍ India Playing XI against Pakistan : രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍ Pakistan Playing XI against India : ഫഖർ സമാൻ, ഇമാം ഉള്‍ ഹഖ്, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (ഡബ്ല്യു), ആഗ സല്‍മാന്‍, ഇഫ്‌ത്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.