കുത്തിത്തിരിയുന്ന പന്തുമായി കളിക്കളത്തില്‍ എതിരാളികളെ വിറപ്പിച്ച ടർബനേറ്റർ. സുഹൃത്തുക്കൾക്ക് ഭാജി... മാന്യൻമാരുടെ കളിയായ ക്രിക്കറ്റില്‍ ഹർഭജൻ സിങ് എന്നും വ്യത്യസ്തനായിരുന്നു. വികാരങ്ങൾ ഉള്ളിലൊതുക്കി പന്തെറിയാനും ബാറ്റ് ചെയ്യാനും പഞ്ചാബില്‍ നിന്നുള്ള ഓഫ്‌സ്‌പിന്നർ ശീലിച്ചിട്ടുണ്ടായിരുന്നില്ല.
2008 ജനുവരി മാസം. സ്ഥലം ഓസ്ട്രേലിയയിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റ് പുരോഗമിക്കുകയാണ്. ക്രീസിലുള്ളത് സാക്ഷാല്‍ സച്ചിൻ ടെൻഡുല്‍ക്കർ. ഒപ്പം ഹർഭജൻ സിങും. ഗ്രൗണ്ടില്‍ ഓസ്ട്രേലിയൻ താരങ്ങളുമായി ചെറിയ വാക്കു തർക്കം പതിവായിരുന്ന സമയത്താണ് ഓസീസ് ഓൾറൗണ്ടറായ ആൻഡ്രു സിമ്മൺസിനെ ഹർഭജൻ കുരങ്ങനെന്ന് വിളിച്ചതായി പരാതി ഉയർന്നത്.
സംഗതി വംശീയ അധിക്ഷേപമായി മാറിയതോടെ ഹർഭജനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കി. ഇതോടെ ടീം ഇന്ത്യയും ബിസിസിഐയും വിലക്കിന് എതിരെ രംഗത്തുവന്നു. പര്യടനം ഉപേക്ഷിച്ച് മടങ്ങാൻ വരെ ടീം ഇന്ത്യ ആലോചിക്കുകയും അത് പരസ്യമായി പറയുകയും ചെയ്തു. ഒടുവില്‍ അന്വേഷണ കമ്മിഷനെ വെയ്‌ക്കുകയും ശിക്ഷയില്‍ ഇളവു നല്‍കുകയുമൊക്കെ ചെയ്‌തതോടെയാണ് ആ വിവാദം അടങ്ങിയത്.
ശ്രീശാന്തിന് കരണത്ത് കൊടുത്ത ഹർഭജൻ
2008 ഏപ്രില്‍. സ്ഥലം മൊഹാലി ക്രിക്കറ്റ് ഗ്രൗണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും കിംഗ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരം. കളിയില്‍ തോറ്റ മുംബൈ ഇന്ത്യൻസ് താരങ്ങൾ പഞ്ചാബ് താരങ്ങൾക്ക് കൈകൊടുക്കുന്നു. അതിനിടെയാണ് പെട്ടെന്ന് ശ്രീശാന്തിന്‍റെ മുഖത്ത് ഹർഭജൻ അടിച്ചതായി അറിയുന്നത്. അടികൊണ്ട ശ്രീശാന്ത് കരയുന്നതും കാമറയില്‍ കാണാം.
അവിടെയും അച്ചടക്ക നടപടി ഉണ്ടായി. ആ സീസണില്‍ പിന്നീടുള്ള ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ഹർഭജന് വിലക്ക്. തുടർന്നുള്ള ഏകദിന പരമ്പരയില്‍ നിന്നും ഹർഭജനെ ടീം ഇന്ത്യ ഒഴിവാക്കിയിരുന്നു. എന്നാല്‍ എല്ലാ പ്രശ്നങ്ങൾക്കും കാരണം താൻ പ്രകോപിതനായതാണെന്ന് ശ്രീശാന്ത് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
അതൊരു തല്ലാണെന്ന് പോലും പറയാൻ കഴിയില്ലെന്നും താനാണ് അതിരു കടന്നതെന്നുമാണ് ശ്രീശാന്ത് പിന്നീട് വെളിപ്പെടുത്തിയത്. ഹർഭജൻ ഇപ്പോഴും മൂത്ത ജ്യേഷ്‌ഠനെ പോലെയാണെന്നും ശ്രീശാന്ത് പറഞ്ഞു,
ALSO READ: '23 വർഷത്തെ യാത്ര അവിസ്മരണീയമാക്കിയ ഏവര്‍ക്കും നന്ദി' ; വിരമിക്കല്‍ പ്രഖ്യാപനവുമായി ഹര്‍ഭജന്‍
2021ല്‍ ഖാലിസ്ഥാനി ഭീകരൻ ജർണൈല്‍ സിങ് ഭിന്ദ്രൻ വാലയെ പ്രകീർത്തിച്ച് സാമൂഹിക മാധ്യമത്തില്‍ ഇടപെട്ടതും വിവാദമായിരുന്നു. ഇതില്‍ പിന്നീട് ഹർഭജൻ മാപ്പു പറഞ്ഞിരുന്നു.