മുംബൈ: മോശം ഫോമിനെത്തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെതിരെ ഉയര്‍ന്നത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ച താരം തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. കളിച്ച മൂന്ന് ഇന്നിങ്‌സുകളിലായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരന് കണ്ടെത്താന്‍ കഴിഞ്ഞത്.
ഇതിന് പിന്നാലെ രാഹുലിനെതിരെ രൂക്ഷ പ്രതികരണമായിരുന്നു ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് നടത്തിയത്. ഇഷ്‌ടക്കാരനായതിനാലാണ് രാഹുല്‍ പ്ലേയിങ് ഇലവനില്‍ തുടരുന്നതെന്നാണ് പ്രസാദ് പറഞ്ഞിരുന്നത്. എന്നാല്‍ വിദേശ പിച്ചുകളിലെ രാഹുലിന്‍റെ റെക്കോഡ് മികച്ചതാണെന്നാണ് പിന്തുണ നല്‍കുന്നതിനുള്ള കാരണമായി മാനേജ്‌മെന്‍റ് പറഞ്ഞിരുന്നത്.
പക്ഷെ സമീപകാലത്തെ ഓപ്പണര്‍മാരില്‍ വിദേശ പിച്ചുകളില്‍ രാഹുലിനേക്കാള്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളുണ്ടെന്ന കണക്കുകള്‍ നിരത്തിയും പ്രസാദ് രംഗത്തെത്തി. താരത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ട്വീറ്റുകളും പ്രസാദ് നടത്തിയിരുന്നു. എന്നാല്‍ പ്രസാദിന്‍റെ ട്വീറ്റിന് മുന്‍ താരമായിരുന്ന ആകാശ് ചോപ്ര മറുപടി നല്‍കിയതും ശ്രദ്ധേയമായിരുന്നു.
സെന രാജ്യങ്ങളില്‍ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാഹുലിന് മികച്ച റെക്കോഡാണ് ഉള്ളതെന്ന കണക്കുകളാണ് ചോപ്ര ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 2020 ഫെബ്രുവരി മുതല്‍ക്കുള്ള കണക്ക് പരിശോധിച്ചാല്‍ ഇവിടങ്ങളില്‍ ഏറ്റവും മികച്ച മൂന്നാമത്തെ ശരാശരിയുള്ള താരം രാഹുലാണ്. പ്രസാദ് തനിക്ക് ആവശ്യമുള്ള കണക്കുകള്‍ മാത്രമാണ് പുറത്തുവിട്ടതെന്നും ചോപ്ര ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇപ്പോഴിതാ പേരെടുത്ത് പറയാതെ വെങ്കിടേഷ് പ്രസാദിനെ വിമര്‍ശിച്ചും രാഹുലിനെ പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍. ഏതൊരു കളിക്കാരനായിരുന്നാലും മോശം ഫോമിലുള്ളപ്പോഴും പിന്തുണ നല്‍കണമെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ ഫോളോവേഴ്‌സിനെ കൂട്ടാനുള്ളതാണെന്ന ആഖ്യാനം സൃഷ്‌ടിക്കുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഉപദേശകനാണ് ഗംഭീര്‍. രാഹുല്‍ ലഖ്‌നൗ ടീമിന്‍റെ നായകനായതുകൊണ്ടല്ല താനിത് പറയുന്നതെന്നും 41കാരന്‍ പറഞ്ഞു. "സോഷ്യൽ മീഡിയയിൽ ഉണ്ടായ എല്ലാ കോളിളക്കങ്ങളെക്കുറിച്ചും തീർച്ചയായും ഞാൻ പറയാൻ ആഗ്രഹിക്കുന്നു.
നിങ്ങൾക്ക് ആരെയെങ്കിലും സഹായിക്കണമെങ്കിൽ അല്ലെങ്കിൽ ആരെയെങ്കിലും വിമർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പരസ്യമായല്ല അതു ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയയില്‍ അല്ല വിമര്‍ശനങ്ങളുണ്ടാവേണ്ടത്. സോഷ്യൽ മീഡിയയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒരുപക്ഷേ ഫോളോവേഴ്‌സിനെ കൂട്ടാനുള്ളതാണെന്ന ആഖ്യാനം സൃഷ്‌ടിക്കുന്നു", ഗൗതം ഗംഭീര്‍ പറഞ്ഞു.
ടീം തെരഞ്ഞെടുപ്പ് വിദഗ്‌ധരുടെ ജോലിയല്ല: ടീമിന്‍റെ തെരഞ്ഞെടുപ്പ് വിദഗ്‌ധരുടെ ജോലിയല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. "ഒരു താരത്തെ തെരഞ്ഞെടുക്കുകയോ, തെരഞ്ഞെടുക്കാതിരിക്കുകയോ ചെയ്യുന്നത് വിദഗ്‌ധരുടെ ജോലിയല്ല. ഇതു ചെയ്യേണ്ടത് സെലക്‌ടര്‍മാരാണ്. നന്നായി കളിക്കുമ്പോള്‍ മാത്രമല്ല, മോശം ഫോമിലുള്ളപ്പോളും ഏതൊരു കളിക്കാനും പിന്തുണ ലഭിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
രാഹുല്‍ എൽഎസ്‌ജിയുടെ ക്യാപ്റ്റനായതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഒരു താരത്തിന് എപ്പോഴും ഒരുപോലെ റണ്‍സ് കണ്ടെത്താന്‍ കഴിയില്ല. ഓരോ കളിക്കാരനും തങ്ങളുടെ കരിയറില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വരും. അത് ക്രിക്കറ്റിന്‍റെ ഭാഗമാണ്", ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.