മുംബൈ: ക്യാപ്‌റ്റൻസി വിവാദത്തിൽ നിന്ന് ഒരു വിധം കരകയറി വരുന്ന ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വീണ്ടും വിവാദത്തിൽ. ചട്ടങ്ങൾ ലംഘിച്ച് ടീമിന്‍റെ സെലക്‌ഷൻ കമ്മിറ്റി യോഗങ്ങളിൽ ഗാംഗുലി പങ്കെടുക്കുന്നു എന്നാണ് ആരോപണം. യോഗങ്ങളിൽ ബിസിസിഐയിലെ ഉന്നതരുടെ അറിവോടെയാണ് ഗാംഗുലി ചട്ടവിരുദ്ധമായി പങ്കെടുക്കുന്നതെന്നും ആരോപണമുണ്ട്.
ഒരു മാധ്യമപ്രവർത്തകനാണ് ടീം സെലക്ഷനിൽ ചട്ടവിരുദ്ധമായി ഗാംഗുലി കൈകടത്തുന്നു എന്ന ആരോപണം ഉന്നയിച്ചത്. സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ ബിസിസിഐ പ്രസിഡന്‍റിന് പ്രത്യേക റോൾ ഇല്ല എന്നും ടീം തെരഞ്ഞെടുപ്പിൽ അനധികൃതമായി ഗാംഗുലി പങ്കെടുക്കുന്നു എന്നുമായിരുന്നു മാധ്യമപ്രവർത്തകന്‍റെ ട്വീറ്റ്.
ഇപ്പോൾ ബിസിസിഐ പ്രസിഡന്‍റ് എന്ന പദവി ഉപയോഗിച്ച് സെലക്ഷൻ യോഗങ്ങളിൽ നിർബന്ധപൂർവം ഗാംഗുലി പങ്കെടുക്കുന്നു. ചില നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ യോഗത്തിൽ പ്രസിഡന്‍റ് പങ്കുചേരുമെങ്കിലും സ്ഥിരമായി പങ്കെടുത്ത് ടീം സെലക്ഷനിൽ കൈകടത്തുന്നത് ചട്ടവിരുദ്ധമാണെന്നും മാധ്യമപ്രവർത്തകൻ ആരോപിച്ചു. അതേസമയം ഗാഗുലിയോ ബിസിസിഐയോ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.
ALSO READ: Daryl Mitchell: കിവീസ് താരം ഡാരിൽ മിച്ചലിന് 2021ലെ സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം
ചട്ടപ്രകാരം ഓരോ പരമ്പരക്ക് മുൻപും ടീമിനെ തെരഞ്ഞെടുക്കുന്നതിനായുള്ള യോഗങ്ങളിൽ സെലക്ടർമാരും, ബിസിസിഐ സെക്രട്ടറിയുമാണ് പങ്കെടുക്കേണ്ടത്. യോഗത്തിന് മുൻപായി ക്യാപ്‌റ്റനോടും, മുഖ്യ പരിശീലകനോടും സെലക്‌ഷൻ കമ്മിറ്റി പ്രസിഡന്‍റ് ചർച്ച നടത്തും. ടീം തെരഞ്ഞെടുക്കുന്നതിൽ അന്തിമവാക്ക് സെലക്‌ടർമാരുടേതാണ്.