ലാഹോര്‍: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്‌ത് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. അമിത ഭാരം വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ താരത്തിന് മികച്ച സിറ്റിങ് പൊസിഷന്‍ നല്‍കുന്നില്ലെന്ന് കനേരിയ പറഞ്ഞു. ഫാസ്റ്റ് ബൗളരുടെ പന്തുകളില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ റിഷഭിന് കഴിയുന്നില്ല.
വളരെ താഴ്ന്ന് നിൽക്കാനും കാൽവിരലുകളിൽ ഇരിക്കാനും പന്തിന് കഴിയുന്നില്ല. അമിത ഭാരമുള്ളവനായാണ് പന്ത് കാണപ്പെടുന്നത്. ഇത് പെട്ടെന്ന് ഉയരാനുള്ള താരത്തിന്‍റെ കഴിവിനെ പരിമിതപ്പെടുത്തുകയും ഫിറ്റ്‌നസിനെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നതാണെന്നും കനേരിയ പറഞ്ഞു.
അതേസമയം പ്രോട്ടീസിനെതിരായ ടി20 പരമ്പരയില്‍ നായകന്‍ കൂടിയായ പന്തിന് തിളങ്ങാനായിട്ടില്ല. കളിച്ച നാല് മത്സരങ്ങളില്‍ 105.6 സ്ട്രൈക്ക് റേറ്റിൽ 57 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. ആദ്യ മത്സരത്തില്‍ 16 പന്തില്‍ നിന്ന് 29 റണ്‍സ് എടുത്താണ് പന്ത് തുടങ്ങിയത്. എന്നാല്‍ 5, 6, 17 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ പന്തിന് നേടാനായത്.
also read: 'അവര്‍' തിരിച്ചെത്തുമ്പോള്‍ പന്ത് പുറത്താവും: വസീം ജാഫർ
പ്രോട്ടീസിനെതിരായ താരത്തിന്‍റെ പുറത്താകല്‍ രീതിയെ വിമര്‍ശിച്ച് ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഡെയ്ൽ സ്റ്റെയ്ൻ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്തില്‍ ഫുള്‍ സ്‌ട്രെച്ച് ചെയ്ത് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്യാച്ച് നല്‍കി മടങ്ങുകയാണ് താരത്തിന്‍റെ പതിവ്. വീഴ്‌ചകളില്‍ നിന്നും താരം പഠിക്കുന്നില്ലെന്ന് ഇരുവരും വിര്‍ശിച്ചു.