ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകുമ്പോൾ ഐപിഎല്ലില്‍ മികവ് തെളിയിച്ച യുവ പേസർമാരായ ഉമ്രാന്‍ മാലിക്കും, അർഷ്‌ദീപും ഇന്ത്യയുടെ നീലക്കുപ്പായത്തിൽ അരങ്ങേറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതിൽ വേഗം കൊണ്ട് കരുത്തറിയിച്ച ഉമ്രാന്‍റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് എന്ന് ഇന്ത്യന്‍ മുന്‍താരം രോഹന്‍ ഗവാസ്‌കർ. ഐപിഎല്ലിലെ മികവ് താരത്തിന് ഇന്ത്യൻ ജേഴ്‌സിയിലും തുടരാനാകുമെന്നാണ് പ്രതീക്ഷ.
'ഉമ്രാന്‍ മാലിക് ഐപിഎല്‍ പതിനഞ്ചാം സീസണില്‍ വളരെ മികച്ച പ്രകടനം നടത്തി. അതിവേഗ പന്തുകള്‍ എറിഞ്ഞ് വിസ്‌മയിപ്പിച്ചു. തീപന്തുകള്‍ എറിയുന്നത് മാത്രമല്ല, വിക്കറ്റുകള്‍ നേടുകയും ചെയ്‌തു. വിക്കറ്റ് ലഭിക്കാതെ മോശം ഇക്കോണമിയുമാണെങ്കിൽ വേഗം കൊണ്ട് കാര്യമില്ല. ഒരു സമ്പൂർണ്ണ ബോളറായാണ് ഉമ്രാനെ തോന്നിക്കുന്നത്. എല്ലാവരും ആകാംക്ഷയോടെ ഉമ്രാന്‍റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്' എന്നും രോഹന്‍ വ്യക്തമാക്കി.
ഐപിഎല്‍ 15-ാം സീസണില്‍ തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ മാലിക് ശ്രദ്ധ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റ് ഉമ്രാന്‍ വീഴ്‌ത്തിയിരുന്നു. ഇതിലൊരു അഞ്ച് വിക്കറ്റ് പ്രകടനവുമുണ്ട്.
ALSO READ: രണ്ട് താരങ്ങൾക്ക് അരങ്ങേറ്റത്തിന് സാധ്യത; ശക്‌തമായ ടീമിനെ കളത്തിലിറക്കും: ഹാർദിക്
സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത് (157 കിലോമീറ്റര്‍) ഉമ്രാന്‍റെ പേരിലായിരുന്നു. ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഉമ്രാന്‍ മാലിക് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല. അയർലന്‍ഡിനെതിരെ ഉമ്രാന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.