ലണ്ടന്‍ : ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ (വൈറ്റ് ബോള്‍ ക്രിക്കറ്റ്) നായകന്‍ ഓയിൻ മോര്‍ഗന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മോശം ഫോമും ഫിറ്റ്‌നസും വെല്ലുവിളിയായതിനാല്‍ താരം വിരമിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015ലെ ലോകകപ്പിൽ അലിസ്റ്റര്‍ കുക്കിന് കീഴില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ടീമിന്‍റെ പരിവർത്തനത്തിന് നേതൃത്വം നൽകിയ നായകനാണ് മോര്‍ഗന്‍.
2019ല്‍ ഏകദിന ലോകകപ്പ് കിരീടത്തിലേക്കും, 2016ലെ ടി20ലോകകപ്പിന്‍റെ ഫൈനലിലേക്കും ഇംഗ്ലണ്ടിനെ നയിച്ച നായകനാണ് മോര്‍ഗന്‍. താരത്തിന് കീഴില്‍ ഏകദിന, ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇംഗ്ലണ്ടിന് കഴിഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ് 35കാരനായ മോര്‍ഗന്‍.
ഏറെ നാളുകള്‍ നീണ്ട ആലോചനയ്ക്ക് ശേഷമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനമെന്ന് മോര്‍ഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ ഇതാണ് ശരിയായ സമയമെന്നും കരിയറില്‍ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയുന്നതായും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
കളിരീതി മാറ്റി എഴുതിയ നായകന്‍ : എല്ലാ മികച്ച കളിക്കാരെയും നായന്മാരേയും പോലെ ഇംഗ്ലണ്ടിന്‍റെ കളിരീതി മാറ്റി എഴുതിയ താരമാണ് മോര്‍ഗനെന്ന് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീം മാനേജിംഗ് ഡയറക്ടർ റോബ് കീ പറഞ്ഞു. ഒരു മുഴുവൻ തലമുറയേയും വരും തലമുറകളേയും മോര്‍ഗന്‍ സ്വാധീനിച്ചതായും റോബ് കീ കൂട്ടിച്ചേര്‍ത്തു.
2009ൽ അയർലൻഡിന് വേണ്ടിയാണ് മോർഗൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഇംഗ്ലണ്ട് ടീമില്‍ ചേക്കേറുകയായിരുന്നു. ഏകദിനത്തില്‍ 248 മത്സരങ്ങളില്‍ 7701 റണ്‍സ് നേടിയിട്ടുണ്ട്. ടി20യിൽ 115 മത്സരങ്ങളിൽ നിന്ന് 2548 റണ്‍സാണ് സമ്പാദ്യം. 16 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 700 റണ്‍സാണ് താരത്തിന് നേടാനായത്.