ലണ്ടൻ : പ്രധാന പരിശീലകനും ടീം ഡയറക്‌ടറും സ്ഥാനമൊഴിഞ്ഞു. ഉടൻ തന്നെ ക്യാപ്റ്റനും പടിയിറങ്ങിയേക്കും, കഴിഞ്ഞ 14 മാസത്തിനിടെ നടന്ന 17 ടെസ്റ്റുകളിൽ ഒരു ജയം മാത്രം, ക്രിക്കറ്റിലെ അതികായൻമാരായ ഇംഗ്ലണ്ടിന് എന്താണ് സംഭവിച്ചത് ?
ഞായറാഴ്‌ച വെസ്റ്റ് ഇൻഡീസിനോട് 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതോടെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ആശയക്കുഴപ്പത്തിലാണ്. ഈ തോൽവിയോടെ തുടർച്ചയായ അഞ്ചാം ടെസ്‌റ്റ് പരമ്പരയിലാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. ആഷസിൽ ഓസ്‌ട്രേലിയയോടേറ്റ 4-0 ന്‍റെ വമ്പൻ തോൽവിക്ക് പിന്നാലെ ഈ തോൽവികൂടിയാകുമ്പോൾ ടീമിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവരാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നിർബന്ധിതരാവും.
എന്നാൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് എവിടെ തുടങ്ങും? ഇംഗ്ലീഷ് ടെസ്റ്റ് ടീം വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ മൂന്ന് മത്സര പരമ്പര വരാനിരിക്കുന്നു. കൊവിഡ് മൂലം പാതിവഴിയിൽ നിർത്തിവച്ച അഞ്ച് മത്സരങ്ങളുള്ള പരമ്പര പൂർത്തിയാക്കാൻ ഇന്ത്യ മടങ്ങിയെത്തും. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.
ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്‍റെ നായകനെ മാറ്റണോ ? : വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തോൽവിക്ക് ശേഷം ജോ റൂട്ടിന് നായകസ്ഥാനം നഷ്‌ടമായേക്കും. ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി തുടരുവാന്‍ ആഗ്രഹം ഉണ്ടെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കിയത്. ആഷസ് തോൽവിക്ക് പിന്നാലെ പരിശീലകരായ ക്രിസ് സിൽവർവുഡും ഗ്രഹാം തോർപ്പിനും സ്ഥാനം നഷ്‌ടമായിരുന്നു.
ഇതുവരെ റൂട്ട് 64 ടെസ്‌റ്റിൽ ഇംഗ്ലണ്ടിനെ നയിച്ചു. റൂട്ട് നായകനായി ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ, ക്യാപ്റ്റൻസി റൂട്ടിന്‍റെ ഫോമിനെ ബാധിച്ചിട്ടില്ല. വിൻഡീസിനെതിരെ രണ്ട് സെഞ്ച്വറികൾ കൂടി നേടി 2021 മുതൽ സെഞ്ച്വറി നേട്ടം എട്ടിലെത്തിച്ചു.
ടീം സെലക്ഷൻ : വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി സീനിയർ പേസർമാരായ ജിമ്മി ആൻഡേഴ്‌സണെയും സ്റ്റുവർട്ട് ബ്രോഡിനെയും ഒഴിവാക്കാനുള്ള തീരുമാനം തിരിച്ചടിയായി. പരിചയസമ്പന്നരായ ഈ താരങ്ങളുടെ സാന്നിധ്യം കളത്തിൽ യുവതാരങ്ങൾക്ക് പ്രചോദനമാണ്.
ഈ വെറ്ററൻമാരുടെ മികച്ച ബാക്കപ്പായി കാണുന്ന ഒല്ലി റോബിൻസണും മാർക്ക് വുഡും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ നേരിടുന്നത് ഇംഗ്ലണ്ടിന് വെല്ലുവിളിയാണ്. ഒരു വർഷത്തിലേറെയായി പരുക്കിന്‍റെ പിടിയിലായ ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറിന്‍റെ തിരിച്ചുവരവ് അവർക്ക് ആശ്വാസമാകും.
ALSO READ: സെന്‍റ് ജോര്‍ജ്‌സില്‍ 10 വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിന്‍ഡീസിന്
ബാറ്റിങ്ങിലെ ആശങ്ക : ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് നിരയിലെ തകർച്ചയാണ് ഇപ്പോൾ നിലനിൽക്കുന്ന ഒരു പ്രധാന ആശങ്ക. ആഷസിൽ ബാറ്റിംഗ് ലൈനപ്പിലെ തകർച്ചയ്‌ക്ക് പിന്നാലെ വിൻഡീസിനെതിരായ നിർണായകമായ മൂന്നാം ടെസ്റ്റിലും റൂട്ടിന്‍റെ ടീമിന് താളം കണ്ടെത്താനായില്ല. ചെറിയ സമ്മർദങ്ങൾക്കിടയിലും ടേണിങ്ങുള്ള പിച്ചിനെ അഭിമുഖീകരിക്കുമ്പോഴും ബാറ്റിംഗ് തകരുന്നു.
ആദ്യ ടെസ്റ്റ് കളിക്കുന്ന അലക്‌സ് ലീസിന്‍റെ പ്രകടനം ആശാവഹമാണ്. എന്നാൽ ബാറ്റിങ് കണക്കുകൾ ആശങ്കാജനകമാണ്, 2021 ൽ ഇംഗ്ലണ്ട് ബാറ്റർമാർ 50 തവണയാണ് പൂജ്യത്തിന് പുറത്തായത്.
ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് പുതിയ നേതൃത്വം : ഇംഗ്ലണ്ടിലെ പുരുഷ ക്രിക്കറ്റിന്‍റെ ഡയറക്‌ടറായി ഗിൽസിന് സ്ഥിരം പകരക്കാരനെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനുശേഷമാണ് സ്ഥാനമൊഴിഞ്ഞ പ്രധാന പരിശീലകന് പകരക്കാരനെയും ടെസ്റ്റ് ടീമിന് ഒരാളെയും പരിമിത ഓവർ ടീമുകൾക്ക് ഒരാളെയും നിയമിക്കുക.