ലണ്ടന്‍: ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായിരുന്ന ഇംഗ്ലണ്ട് താരം അലക്‌സ് ഹെയ്‌ൽസ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 34-ാം വയസിലാണ് അലക്‌സ് ഹെയ്‌ൽസ് 12 വര്‍ഷത്തോളം നീണ്ട അന്താരാഷ്‌ട്ര കരിയര്‍ മതിയാക്കുന്നത്. 2011 ഓഗസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിലൂടെയായിരുന്നു താരം അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് 11 ടെസ്റ്റുകളിലും 70 ഏകദിനങ്ങളിലും 75 ടി20കളിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര തലത്തില്‍ ആകെ 156 മത്സരങ്ങളില്‍ നിന്നും 5066 റണ്‍സാണ് അലക്‌സ് ഹെയ്‌ൽസ് നേടിയിട്ടുള്ളത്. 2022-ല്‍ ടി20 ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിലും അലക്‌സ് ഹെയ്‌ൽസ് അംഗമായിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ എഴുതി.
"ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 156 മത്സരങ്ങളില്‍ അന്താരാഷ്‌ട്ര തലത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ചില ഓർമകളും ചില സൗഹൃദങ്ങളും ടീമിനൊപ്പം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്. ഇംഗ്ലണ്ട് കുപ്പായത്തില്‍ വലിയ ഉയര്‍ച്ചകളും വലിയ താഴ്‌ചകളും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായുള്ള അവസാന മത്സരം ഒരു ലോകകപ്പ് ഫൈനൽ വിജയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സംതൃപ്തി തോന്നുന്നു" - അലക്‌സ് ഹെയ്‌ൽസ് വ്യക്തമാക്കി.
2022-ലെ ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ പാകിസ്ഥാനെതിരെയായിരുന്നു അലക്‌സ് ഹെയ്‌ൽസ് അവസാന അന്താരാഷ്‌ട്ര മത്സരം കളിച്ചത്. മത്സത്തില്‍ താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ജോസ് ബട്‌ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് അലക്‌സ് ഹെയ്‌ൽസിന് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ മുന്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്‍റെ വിജയത്തില്‍ ഏറെ നിര്‍ണായകമായ പങ്കായിരുന്നു താരം വഹിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ 52 റണ്‍സ് അടിച്ച അലക്‌സ് ശ്രീലങ്കയ്‌ക്ക് എതിരെ 47 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് അഡ്‌ലെയ്‌ഡില്‍ ഇന്ത്യയ്‌ക്കെതിരായ സെമി ഫൈനലിലും തന്‍റെ മികവ് താരം ആവര്‍ത്തിച്ചു.
47 പന്തുകളില്‍ പുറത്താകാതെ നാല് ഫോറുകളും ഏഴ് സിക്‌സുകളും സഹിതം 86 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. സഹ ഓപ്പണറായ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും (80*) മിന്നിയതോടെ മത്സരത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഇംഗ്ലീഷ് ഫൈനലിലേക്ക് മുന്നേറിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്നെയാണ് അലക്‌സ് ഇംഗ്ലണ്ടിനായി അവസാന ഏകദിനം കളിച്ചത്. വരും ദിനങ്ങളില്‍ ഫ്രാഞ്ചൈസി ലീഗുകളില്‍ താരം സജീവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ALSO READ: WI vs IND | 'ഒരു ക്ലബ് ഗെയിം കളിക്കുകയാണോ എന്ന് തോന്നി'; തിലകിനെ പ്രശംസിച്ച് വസീം ജാഫര്‍