മുംബൈ : ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്‍റെ 'ബാസ്ബോൾ' ശൈലിയില്‍ ഭിന്നാഭിപ്രായമാണ് വിദഗ്‌ധര്‍ക്കും ആരാധകര്‍ക്കുമുള്ളത്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയതോടെ ഫോര്‍മാറ്റില്‍ ടീമിന്‍റെ തീവ്ര ആക്രമണാത്മക സമീപനം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ആഷസ് 2023-ലെ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു ആതിഥേയരായ ഇംഗ്ലണ്ട് തോറ്റത്.
രണ്ടാം ഇന്നിങ്‌സിന് ശേഷം ഇംഗ്ലണ്ട് നേടിയ 281 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയം ഉറപ്പിച്ചത്. വിഖ്യാതമായ എഡ്‌ജ്‌ബാസ്റ്റണില്‍ തങ്ങളുടെ ഫയര്‍ബ്രാന്‍ഡ് മോഡലില്‍ ഉറച്ചുനിന്ന ഇംഗ്ലണ്ട് ഒന്നാം ദിനം 393/8 എന്ന നിലയിൽ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. പിന്തുടരാനിറങ്ങിയ ഓസീസിനായി ഉസ്മാൻ ഖവാജ സെഞ്ചുറി നേടിയെങ്കിലും സംഘത്തെ 386 റണ്‍സില്‍ ഓള്‍ ഔട്ടാക്കിക്കൊണ്ട് ഏഴ് റൺസിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉറപ്പാക്കാനും ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും കഴിഞ്ഞു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 66.2 ഓവറില്‍ 273 റൺസിന് പുറത്തായതോടെയാണ് ഓസീസിന്‍റെ വിജയ ലക്ഷ്യം 281 റണ്‍സായത്. ഓസീസിന്‍റെ മുന്‍ നിര ബാറ്റര്‍മാരെ വേഗത്തില്‍ തിരിച്ച് കയറ്റാന്‍ കഴിഞ്ഞതോടെ ഒരു ഘട്ടത്തില്‍ ഇംഗ്ലീഷ് പട വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വാലറ്റത്ത് നഥാന്‍ ലിയോണിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍റെ ഇന്നിങ്‌സുമായി പൊരുതി നിന്ന പാറ്റ് കമ്മിന്‍സാണ് ടീമിനെ തോല്‍വിയിലേക്ക് തള്ളി വിട്ടത്.
ഇതിന് പിന്നാലെ ആദ്യ ഇന്നിങ്‌സ് വേഗം ഡിക്ലയര്‍ ചെയ്യാനുള്ള ഇംഗ്ലീഷ് നായകന്‍റെ തീരുമാനത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ ശൈലിയില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ചെയ്‌തത്. ഇതിനിടെ വിദഗ്‌ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുള്ള 'ബാസ്ബോൾ' കളിച്ച് ഈ വര്‍ഷത്തെ ആഷസ് ഇംഗ്ലണ്ടിന് നേടാന്‍ കഴിയുമോയെന്ന ചോദ്യത്തിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് നല്‍കിയ ഉത്തരം ശ്രദ്ധേയമാണ്.
ഗൂഗിൾ എഐ (ബാർഡ്) നല്‍കിയ മറുപടി ഇങ്ങനെ... "ബാസ്ബോൾ കളിച്ച് ഇംഗ്ലണ്ടിന് ആഷസ് നേടാനാകുമോ എന്ന് ഇപ്പോള്‍ പറയുന്നത് ഏറെ നേരത്തെയാവും. ആക്രമണാത്മക ബാറ്റിങ് ശൈലിയും പോസിറ്റീവ് ചിന്താഗതിയുമുള്ള ക്രിക്കറ്റിന്‍റെ പുതിയ സമീപനം തീർച്ചയായും വിജയിച്ചിട്ടുണ്ട്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-0ന് നേടിയത് ഇതിന്‍റെ ഉദാഹരണമാണ്. എന്നിരുന്നാലും, ആഷസ് തികച്ചും വ്യത്യസ്തമാണ്. ഓസ്‌ട്രേലിയ വളരെ ശക്തമായ ഒരു ടീമാണ്, വിജയം പിടിക്കാന്‍ ദൃഢനിശ്ചയത്തോടെയാവും അവര്‍ ഇറങ്ങുക. എന്നാല്‍ തങ്ങളുടെ ഏറ്റവും മികവിലേക്ക് ഉയരുകയും ഓസ്‌ട്രേലിയയുടെ ആക്രമണാത്മക ബോളിങ്ങിനെ നേരിടാനുള്ള വഴി കണ്ടെത്തുകയും ചെയ്‌താല്‍ തീര്‍ച്ചയായും അവര്‍ക്ക് വിജയിക്കാന്‍ കഴിയും" - ഗൂഗിൾ എഐ അഭിപ്രായപ്പെട്ടു.
ALSO READ: IND vs PAK | പാകിസ്ഥാന്‍ മുട്ടുമടക്കി ; ലോകകപ്പ് ഇന്ത്യ നിശ്ചയിച്ചത് പോലെ, പ്രഖ്യാപനം നാളെ
"ബാസ്ബോളിലൂടെ ആഷസ് നേടാന്‍ ഇംഗ്ലണ്ടിന് കഴിയുമോയെന്ന് സമയത്തിന് മാത്രമേ പറയാന്‍ കഴിയൂ. എന്നിരുന്നാലും, ഇത് തീർച്ചയായും ക്രിക്കറ്റിനോടുള്ള ആവേശകരമായ ഒരു പുതിയ സമീപനമാണ്, വരും മാസങ്ങളിൽ ഇത് എങ്ങനെ വികസിക്കുമെന്ന് കാണുന്നത് കൗതുകകരമായിരിക്കും" - ഗൂഗിൾ എഐ കൂട്ടിച്ചേര്‍ത്തു.