ഹോങ്കോങ്: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിച്ച വിമൻസ് എമർജിങ് ടീംസ് കപ്പ് ടൂര്‍ണമെന്‍റില്‍ വിജയികളായി ഇന്ത്യ 'എ'. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ 31 റണ്‍സിന് ബംഗ്ലാദേശ് 'എ' ടീമിനെയാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ തോല്‍പ്പിച്ചത്. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 128 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ടീം 19.2 ഓവറിൽ 96 റൺസിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇന്ത്യയ്‌ക്കായി നാല് വിക്കറ്റ് വീഴ്‌ത്തിയ ശ്രേയങ്ക പാട്ടീൽ, മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ മന്നത്ത് കശ്യപ്, എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിനെ തരിപ്പണമാക്കിയത്. ശ്രേയങ്ക നാല് ഓവറില്‍ 13 റണ്‍സും മന്നത്ത് 20 റണ്‍സും മാത്രം വഴങ്ങിയാണ് മിന്നും പ്രകടനം നടത്തിയത്. കനിക അഹൂജ രണ്ടും ടിറ്റാസ് സധു ഒരു വിക്കറ്റും നേടി.
ഇന്ത്യയ്‌ക്ക് മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് തുടക്കം തൊട്ടു പതറുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. 22 പന്തില്‍ 17 റണ്‍സുമായി പുറത്താവാതെ നിന്ന നഹിദ അക്തറാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ശോഭന (22 പന്തില്‍ 16), ഷാതി റാണി (11 പന്തില്‍ 13) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് ബംഗ്ലാ താരങ്ങള്‍. പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടിരുന്നു.
ദിലാര അക്തര്‍ (7 പന്തില്‍ 5), ഷാതി റാണി, ക്യാപ്റ്റന്‍ ലത മൊണ്ടാല്‍ (5 പന്തില്‍ 4) എന്നിവരാണ് ആദ്യം പുറത്തായത്. ബംഗ്ലാ ഓപ്പണര്‍മാരായ ദിലാര അക്തര്‍ , ഷാതി റാണി എന്നിവരെ മന്നത്ത് കശ്യപ് തിരിച്ച് കയറ്റിയപ്പോള്‍ ലത മൊണ്ടാലിനെ ശ്രേയങ്കയും വീഴ്‌ത്തി. പിന്നാലെ മുർഷിദ ഖാത്തൂൺ (7 പന്തില്‍ 1), ശോഭന, ഷൊര്‍ണ അക്തര്‍ (12 പന്തില്‍ 9) എന്നിവരും മടങ്ങിയതോടെ 11.3 ഓവറില്‍ ആറിന് 56 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നു.
പിന്നീട് നഹിദ അക്തര്‍ പിടിച്ച് നിന്നെങ്കിലും റബീയ ഖാൻ (11 പന്തില്‍ 6), സുൽത്താന ഖാത്തൂൺ (7 പന്തില്‍ 4), മറുഫ അക്‌തര്‍ (6 പന്തില്‍ 3), സഞ്ജിദ അക്തർ മേഘല (7 പന്തില്‍ 2) എന്നിവര്‍ ഒന്നും ചെയ്യാനാവാതെ മടങ്ങിയതോടെ ബംഗ്ലാദേശ് ഇന്നിങ്‌സിന് തിരശീല വീഴുകയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 'എ' നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 127 റണ്‍സ് നേടിയത്. 29 പന്തില്‍ 36 റണ്‍സടിച്ച ദിനേശ് വൃന്ദയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 23 പന്തില്‍ 30 റണ്‍സടിച്ച് പൂറത്താവാതെ നിന്ന കനിക അഹുജയും 20 പന്തില്‍ 22 റണ്‍സടിച്ച ചേത്രിയും നിര്‍ണായകമായി. ഇന്ത്യയേയും ബംഗ്ലാദേശിനേയും കൂടാതെ പാകിസ്ഥാന്‍, നേപ്പാള്‍, ഹോങ്കോങ്, ശ്രീലങ്ക, യുഎഇ, മലേഷ്യ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ കളിച്ചിരുന്നത്.