ലണ്ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി ടെസ്റ്റ് പരമ്പര കളിക്കാൻ തയാറാണെങ്കിൽ ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. നിലവിൽ ടി20 പരമ്പരക്കായി ഇംഗ്ലണ്ടിലുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ഇസിബി ചെയർമാൻ മാർട്ടിൻ ഡാർലോ ചർച്ച നടത്തിയതായും മൂന്ന് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയ്‌ക്ക് അതിഥേയത്വം വഹിക്കാം എന്നറിയിച്ചതായും ഇംഗ്ലണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതേസമയം പാകിസ്ഥാനുമായി പരമ്പരക്കുള്ള സാധ്യത ബിസിസിഐ വൃത്തങ്ങൾ തള്ളിക്കളഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ഇബിസി നടത്തിയ ചർച്ച അൽപ്പം വിചിത്രമാണ്. എന്തായാലും പാകിസ്ഥാനെതിരായ പരമ്പര തീരുമാനിക്കുന്നത് ബിസിസിഐ അല്ല, സർക്കാർ ആണ്. ഇപ്പോഴത്തെ നിലയിൽ ഒന്നിലധികം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റുകളിൽ മാത്രമേ ഇന്ത്യ പാകിസ്ഥാനോടൊപ്പം കളിക്കുകയുള്ളു, ബിസിസിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
2012ൽ ആണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനമായി ഏകദിന പരമ്പര കളിച്ചത്. അതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ കാരണം പരമ്പരകള്‍ നടന്നില്ല. 2007ൽ ആയിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാന ടെസ്റ്റ് പരമ്പര നടന്നത്. നിലവിൽ ഐസിസിയുടെ ടൂർണമെന്‍റുകളിൽ മാത്രമാണ് ഇരുവരും ഏറ്റുമുട്ടുന്നത്.