ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ പേസര്‍ ഉമ്രാൻ മാലിക്കിനെ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് മുന്‍ നായകനും സെലക്‌ടറുമായ ദിലീപ് വെങ്‌സർക്കാർ. ഉമ്രാൻ മാലിക്കിന്‍റെ വേഗത ടീമിന് ഗുണം ചെയ്യുമായിരുന്നുവെന്നും ദിലീപ് വെങ്‌സർക്കാർ അഭിപ്രായപ്പെട്ടു.
"ഇക്കാര്യത്തില്‍ കൂടുതല്‍ ചിന്തിക്കേണ്ടതായില്ല. ഉമ്രാന്‍ മാലിക്കിന്‍റെ വേഗതയുടെ അടിസ്ഥാനത്തില്‍ ഞാന്‍ അവനെ തെരഞ്ഞെടുക്കുമായിരുന്നു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന താരമാണവന്‍.
അവനെ ടീമിലെടുക്കേണ്ടത് ഇപ്പോഴാണ്. 130 കിലോമീറ്റർ വേഗത്തിൽ പന്തെറിയുമ്പോള്‍ അതിന് സാധിക്കില്ല", വെങ്‌സർക്കാർ പറഞ്ഞു. ഏഷ്യകപ്പ് ടീമിലും മാലിക് വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"പുല്ലില്ലാത്ത, ഫ്ലാറ്റ് വിക്കറ്റുള്ള, ബൗൺസ് ലഭിക്കാത്ത ദുബായില്‍ നിങ്ങള്‍ക്ക് ഒരു ഫാസ്റ്റ് ബോളറെ ആവശ്യമായിരുന്നു. മീഡിയം പേസർമാർ ഇത്തരം സാഹചര്യത്തില്‍ ഗുണം ചെയ്യണമെന്നില്ല. തന്‍റെ പേസിനാല്‍ ബാറ്റർമാരെ കീഴടക്കാന്‍ കഴിയുന്ന ബോളറെയായിരുന്നു അവിടെ നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്", ദിലീപ് വെങ്‌സർക്കാർ വ്യക്തമാക്കി.
ഇന്ത്യയുടെ 15 അംഗ സ്ക്വാഡിന്‍റെ ഭാഗമായി ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവരെ കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും വെങ്‌സർക്കാർ പറഞ്ഞു. ഗില്‍ തന്നില്‍ മതിപ്പുളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ മാസം(സെപ്‌റ്റംബര്‍) ആദ്യമാണ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയായേക്കും. താരത്തിന് ലോകകപ്പില്‍ കളിക്കാനായേക്കില്ലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.
ദീപക് ചാഹറോ മുഹമ്മദ് ഷമിയോ ബുംറയ്‌ക്ക് പകരക്കാരനാവുമെന്ന് വിവരം. കഴിഞ്ഞ ഐപിഎല്ലില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനമാണ് ഉമ്രാൻ മാലിക് നടത്തിയത്. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളാണ് യുവതാരം നേടിയത്.
തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ താരം അയർലൻഡ് പര്യടനത്തിനിടെ ഇന്ത്യയ്‌ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് ഉമ്രാന്‍ ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്.
also read: ടി20 ലോകകപ്പ്: ഭുവി മോശം ഫോമില്‍ വലയുന്നു; ഡെത്ത് ഓവറുകളില്‍ അനുയോജ്യനല്ലെന്ന് ഡാനിഷ് കനേരിയ