ന്യൂഡൽഹി : മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപദേശകനാക്കാനുള്ള തീരുമാനം മികച്ചതാണെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ധോണി ബൗളർമാരുടെ ക്യാപ്റ്റനായിരുന്നു എന്നും അതിനാൽ അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇന്ത്യൻ ബൗളർമാർക്ക് ഏറെ ഗുണം ചെയ്യുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
'ധോണി ബിസിസിഐയുടെ ആവശ്യം സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ട്. ധോണി വീണ്ടും മുഖ്യധാരയിലേക്ക് തിരിച്ചുവരണം എന്നതാണ് എല്ലാവരെപ്പോലെ തന്‍റെയും ആഗ്രഹം. അത് ഉപദേശകന്‍റെ വേഷത്തിലാകുമ്പോൾ കൂടുതൽ സന്തോഷം' - സെവാഗ് പറഞ്ഞു.
വിക്കറ്റ് കീപ്പർ എന്ന നിലയിലും, ഫീൽഡിങ് പ്ലെയ്‌സ്മെന്‍റിലും ധോണിയുടെ കഴിവ് അസാധ്യമാണ്. അതിനാൽ ധോണിയുടെ തന്ത്രപരമായ നിർദേശങ്ങൾ ഉപയോഗിച്ച് ബൗളർമാർക്ക് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ സാധിക്കും.
മറ്റ് രാജ്യങ്ങളിലെ യുവ കളിക്കാർ അവരുടെ ക്യാപ്‌റ്റന്‍റെ അടുത്തേക്ക് ചെന്ന് സംസാരിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും മടിക്കുന്നു. എന്നാൽ ചെറുപ്പക്കാരായ താരങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ലഭിക്കാൻ അനായാസമായി സമീപിക്കാവുന്ന താരമാണ് ധോണി. അതിനാൽ തന്നെ യുവതാരങ്ങൾക്ക് അതൊരു മുതൽക്കൂട്ടായിരിക്കും, സെവാഗ് കൂട്ടിച്ചേർത്തു.
ALSO READ : ശാസ്‌ത്രിക്ക് പകരം കുംബ്ലെ വരുന്നു... നിർണായക നീക്കവുമായി ബിസിസിഐ
നേരത്തെ ധോണിയെ ഇന്ത്യയുടെ ലോകകപ്പ് ടീമിന്‍റെ ഉപദേശകനാക്കിയതിനെ അനൂകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ അജയ് ജഡേജയും, ഗൗതം ഗംഭീറും ബിസിസിഐയുടെ തീരുമാനത്തെ എതിർത്തിരുന്നു.