സിഡ്‌നി: പാകിസ്ഥാന് എതിരായ ടെസ്റ്റ് പരമ്പരയോടെ (Australia vs Pakistan) ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഹോംഗ്രൗണ്ടായ സിഡ്‌നിയില്‍ വൈകാരികമായ യാത്രയയപ്പായിരുന്നു വാര്‍ണര്‍ക്ക് ആരാധകര്‍ നല്‍കിയത്. (David Warner Test retirement). ടെസ്റ്റിലെ തന്‍റെ അവസാന ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടാന്‍ 37-കാരനായ വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നു.
75 പന്തുകളില്‍ ഏഴ് ബൗണ്ടറികളോടെ 57 റണ്‍സായിരുന്നു താരം നേടിയത്. സാജിദ് ഖാന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയായിരുന്നു ഓസീസ് ഓപ്പണറുടെ പുറത്താവല്‍. പവലിയനിലേക്ക് തിരിച്ചു കയറുന്ന വാര്‍ണര്‍ക്കായി ആള്‍ക്കൂട്ടം കരഘോഷം മുഴക്കിയിരുന്നു. ഇതിനിടെ തന്‍റെ ഹെല്‍മറ്റും ബാറ്റിങ് ഗ്ലൗവും ഒരു കുട്ടിയാരാധകന് വാര്‍ണര്‍ സമ്മാനിച്ചു.
വാര്‍ണരുടെ അപ്രതീക്ഷിത സമ്മാനം ലഭിച്ച കുട്ടി ആരാധകന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നടത്തുന്ന സന്തോഷ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 12 വര്‍ഷങ്ങള്‍ നീണ്ട ടെസ്റ്റ് കരിയറാണ് 37-കാരന്‍ സിഡ്‌നിയില്‍ അവസാനിപ്പിച്ചത്. ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കായി 112 ടെസ്റ്റ് മത്സരങ്ങളാണ് വാര്‍ണര്‍ കളിച്ചിട്ടുള്ളത്.
44.59 ശരാശരിയില്‍ 8786 റണ്‍സാണ് സമ്പാദ്യം. 26 സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. സ്വപ്‌നതുല്യമായ യാത്രയായിരുന്നു ഇതെന്ന് മത്സരത്തിന് ശേഷം വാര്‍ണര്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാലയളവില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം, ആഷസ് പരമ്പരയിലെ സമനില, പിന്നെ ഏകദിന ലോകകപ്പിലെ വിജയം, ഇപ്പോള്‍ ഈ പരമ്പരയും. മികച്ച ഒരുപാടുപേര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നുണ്ട്. ഞങ്ങളുടെ ദൗത്യം കാണികളെ രസിപ്പിക്കുക എന്നതാണ്.
അതിന് വേണ്ടി എനിക്ക് പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്‌തിട്ടുണ്ട്. എന്‍റെ ജീവിതത്തിന്‍റെ വലിയൊരു ഭാഗമാണ് കുടുംബം. അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇതു ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കരിയറില്‍ ഇത്രയും കാലം പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി പറയുന്നതായും വാര്‍ണര്‍ പറഞ്ഞു.
ALSO READ: 'സ്വപ്‌നതുല്യമായ യാത്ര...' സിഡ്‌നിയില്‍ വികാരാധീനനായി ഡേവിഡ് വാര്‍ണര്‍
അതേമയം മൂന്ന് മത്സര പരമ്പരയില്‍ പാകിസ്ഥാനെ ഓസ്‌ട്രേലിയ വൈറ്റ്‌വാഷ് ചെയ്‌തിരുന്നു. അവസാന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ആതിഥേയര്‍ കളിപിടിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഓസീസ് നേടിയെടുക്കുകയായിരുന്നു. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് ഉസ്‌മാന്‍ ഖവാജയെ (6 പന്തില്‍ 0) തുടക്കം തന്നെ നഷ്‌മായി.
എന്നാല്‍ തുടര്‍ന്ന് എത്തിയ മാര്‍നെസ് ലബുഷെയ്‌നൊപ്പം വാര്‍ണര്‍ 119 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ലക്ഷ്യത്തിന് അടുത്തുവച്ച് വാര്‍ണര്‍ വീണെങ്കിലും സ്റ്റീവ് സ്‌മിത്തിനെ (1 പന്തില്‍ 4*) കൂട്ടുപിടിച്ച് ലബുഷെയ്‌ന്‍ (73 പന്തില്‍ 62*) ടീമിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.
ALSO READ: ഡേവിഡ് വാര്‍ണറിന് ആദരം, ഓസീസ് ഓപ്പണര്‍ക്ക് ജഴ്‌സി സമ്മാനിച്ച് പാക് നായകന്‍ ഷാന്‍ മസൂദ്