ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളിത്തിളക്കം. ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒമ്പത് റൺസിനാണ് ഇന്ത്യയുടെ കീഴടങ്ങല്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. അര്‍ധ സെഞ്ചുറി പ്രടനം നടത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 43 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 65 റണ്‍സാണ് താരം അടിച്ചെടുത്തത്. ജെർമിയ റോഡ്രിഗസും (33 പന്തില്‍ 33) ഭേദപ്പെട്ട പ്രകടനം നടത്തി.
ഓസീസ് ഉയര്‍ത്തിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന (6), ഷഫാലി വര്‍മ (11) എന്നിവര്‍ വേഗം തിരിച്ച് കയറി. തുടര്‍ന്ന് ഒന്നിച്ച ജെമിമ റോഡ്രിഗസ് - ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചെങ്കിലും നിർണായക സമയത്ത് ഇരുവരും പുറത്തായതോടെ ഇന്ത്യ തകരുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ 96 റണ്‍സിന്‍റെ കൂട്ടുകെട്ട് കണ്ടെത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. 15-ാം ഓവറിലാണ് ജെമിമ പുറത്തായത്. 16-ാം ഓവറില്‍ ആഷ്‌ലി ഗാര്‍ഡ്‌നറുടെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ചാണ് ഹര്‍മന്‍പ്രീത് തിരിച്ച് കയറിയത്. തുടര്‍ന്നെത്തിയ ദീപ്‌തി ശര്‍മ (13) മാത്രമാണ് രണ്ടക്കം തൊട്ടത്. മന്ദാനയടക്കം ആറ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല.
ഓസീസിന് വേണ്ടി ആഷ്‌ലി ഗാർഡ്നെർ മൂന്ന് വിക്കറ്റ് എടുത്തപ്പോൾ മേഗൻ ഷൂട്ട് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. നേരത്തെ ബെത്ത് മൂണിയുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഓസീസിന് തുണയായത്. 41 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്, മെഗ് ലാന്നിങ് (26 പന്തില്‍ 36), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (15 പന്തില്‍ 25), റേച്ചല്‍ ഹയ്‌നെസ് (10 പന്തില്‍ 18) എന്നിവരും നിര്‍ണായകമായി.