അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ അപരാജിത കുതിപ്പില്‍ ഏറെ നിര്‍ണായക പങ്ക് വഹിച്ച പ്രകടനമാണ് നായകന്‍ രോഹിത് ശര്‍മ ഇതുവരെ പുറത്തെടുത്തത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ തന്നെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ടീമിന് അതിവേഗം റണ്‍സ് കണ്ടെത്താനാണ് പലപ്പോഴും രോഹിത് ശ്രമിക്കാറുള്ളത്. രോഹിത്തിന്‍റെ ഈ ആക്രമണോത്സുക ബാറ്റിങ് ഇന്ത്യന്‍ നിരയില്‍ പിന്നാലെയെത്തുന്നവരുടെ സമ്മര്‍ദം കുറയ്‌ക്കാനും സഹായിക്കും.
ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 550 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ രോഹിത് ശര്‍മയുള്ളത്. പട്ടികയില്‍ ആദ്യ അഞ്ചിലുള്ള താരങ്ങളില്‍ ഏറ്റവും മികച്ച പ്രഹരശേഷിയും രോഹിത് ശര്‍മയ്‌ക്കാണ്. താന്‍ ഇത്തരത്തില്‍ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കാനുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ (Rohit Sharma About His Aggressive Batting).
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരുടെ ടീമിലെ സാന്നിധ്യം കൊണ്ടാണ് താന്‍ ഈ ശൈലിയില്‍ ബാറ്റ് വീശുന്നതെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പ്രീ മാച്ച് ഫോട്ടോഷൂട്ടിനിടെയാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ടീമില്‍ ഓരോ താരങ്ങളുടെയും റോള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ ഏഴ് പേര്‍ക്കും ടീമിന് വേണ്ടി എന്ത് ചെയ്യണം എന്നതില്‍ വ്യക്തമായ ധാരണയുണ്ട്. ക്യാപ്‌റ്റനെന്ന നിലയില്‍ ടീമിന് വേണ്ടി എന്ത് ചെയ്യണമെന്ന കാര്യം എനിക്ക് തീരുമാനിക്കാം.
എന്ത്, എങ്ങനെ ചെയ്യണമെന്നുള്ള കാര്യം ടീം മാനേജ്‌മെന്‍റ് ആയും ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ ഇതുവരെ ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായി. എനിക്ക് ശേഷം ക്രീസിലെത്തുന്നവരെല്ലാം മികച്ച ഫോമിലാണ്.
അവരുടെ ഫോം ആണ് എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യവും നല്‍കുന്നത്. ഇനിയിപ്പോള്‍ എന്തെങ്കിലും വിള്ളലുണ്ടായാല്‍ ആ താരങ്ങള്‍ക്ക് ടീമിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കും. ഏത് സമ്മര്‍ദഘട്ടത്തെയും തരണം ചെയ്യാനും അവര്‍ക്ക് കഴിയും. അവരുള്ളതുകൊണ്ടാണ് ഞാന്‍ എന്‍റേതായ രീതിയില്‍ ബാറ്റ് വീശുന്നത്. അവരുടെ സാന്നിധ്യമാണ് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതും'- രോഹിത് ശര്‍മ പറഞ്ഞു.
Also Read : 'ദ്രാവിഡിന് നഷ്‌ടമായ കിരീടം, അദ്ദേഹത്തിനായി ഞങ്ങള്‍ നേടും...' ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നു
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ഇന്ത്യയ്‌ക്കായി രോഹിത്തിന് ശേഷം ബാറ്റ് ചെയ്യാന്‍ ക്രീസിലേക്ക് എത്തുന്നത്. ഇവരെല്ലാം തകര്‍പ്പന്‍ ഫോമിലാണ് നിലവില്‍. ലോകകപ്പ് ടോപ്‌സ്കോററായ വിരാട് കോലി 10 മത്സരങ്ങളില്‍ നിന്നും 711 റണ്‍സ് നേടിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍ 526 റണ്‍സും കെഎല്‍ രാഹുല്‍ 386 റണ്‍സുമാണ് മധ്യനിരയില്‍ ഇന്ത്യയ്‌ക്കായി സ്കോര്‍ ചെയ്‌തത്.