ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും (India vs Australia ODI Series) അവസാനിച്ചതോടെ ഇനി ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകപ്പിനുള്ള ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കാനും ടീം ഇന്ത്യയ്‌ക്ക് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ സാധിച്ചിട്ടുണ്ട്. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യ ഓസീസിനെതിരെ ആദ്യ രണ്ട് മത്സരവും ജയിച്ചാണ് പരമ്പര പിടിച്ചത്.
ആധികാരികമായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും ടീം ഇന്ത്യയുടെ വിജയം. കെഎല്‍ രാഹുലിനും (KL Rahul) ശുഭ്‌മാന്‍ ഗില്ലിനുമൊപ്പം (Shubman Gill) ശ്രേയസ് അയ്യരും (Shreyas Iyer) സൂര്യകുമാര്‍ യാദവും (Suryakumar Yadav) ഫോമിലേക്ക് എത്തിയതോടെ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങളെല്ലാം എളുപ്പമാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ഇന്ത്യയ്‌ക്ക് ലോകകപ്പില്‍ വലിയ തലവേദനയായി മാറാന്‍ സാധ്യതയുള്ളത് ഇപ്പോള്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്ന രവീന്ദ്ര ജഡേജയുടെ ഫോമാണ് (Cricket World Cup 2023 Ravindra Jadeja's Batting).
ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരത്തില്‍ ഏഴാം നമ്പറില്‍ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 36 പന്തില്‍ 35 റണ്‍സ് നേടിയാണ് പുറത്തായത്. ഇതിന് പിന്നാലെ ഫിനിഷര്‍ റോളില്‍ എത്തുന്ന ബാറ്റര്‍ ചെയ്യേണ്ട രീതിയിലുള്ള പ്രകടനമല്ല ജഡേജ പുറത്തെടുക്കുന്നതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഈ വര്‍ഷം ഏകദിന ക്രിക്കറ്റിലെ താരത്തിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം.
2023ല്‍ 12 ഏകദിന ഇന്നിങ്സില്‍ നിന്നും 64.28 പ്രഹരശേഷിയില്‍ 189 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളത് (Ravindra Jadeja Stats In ODI 2023). 2022 ന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരവും രവീന്ദ്ര ജഡേജയാണെന്നത് ലോകകപ്പ് അടുത്തിരിക്കെ ഉയര്‍ത്തുന്ന ആശങ്ക തെല്ലും ചെറുതല്ല (Ravindra Jadeja Strike Rate In ODI Since 2022). വാഷിങ്ടണ്‍ സുന്ദറിനും പിന്നിലാണ് ഈ പട്ടികയില്‍ ജഡേജയുടെ (63.73) സ്ഥാനം.
ഇന്ത്യയില്‍ താരം ഒരു അര്‍ധസെഞ്ച്വറി നേടിയിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്ന കണക്കും ടീം മാനേജ്‌മെന്‍റിനെ ആശങ്കയിലാഴ്‌ത്തുന്നതാണ് (Ravindra Jadeja Last ODI Fifty In India). 2013ല്‍ കൊച്ചിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ജഡേജ തന്‍റെ കരിയറില്‍ അവസാനമായി ഇന്ത്യയില്‍ ഒരു അര്‍ധസെഞ്ച്വറി നേടിയത്.