ഹൈദരാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) നേര്‍ക്കുനേര്‍ പോരിനിറങ്ങുന്ന മത്സരത്തിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഈ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയം തേടി ഇന്ത്യയും പാകിസ്ഥാനും ഇറങ്ങുമ്പോള്‍ തീപാറും പോരാട്ടമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
അഹമ്മദാബാദില്‍ പാകിസ്ഥാനെ നേരിടാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങിലാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത മത്സരത്തില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ നട്ടെല്ലായത് രോഹിത് ശര്‍മയായിരുന്നു. ഈ ലോകകപ്പിലും നിലവില്‍ ഇന്ത്യന്‍ നായകന്‍ മിന്നും ഫോമിലാണ്.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നിറം മങ്ങിയെങ്കിലും രണ്ടാമത്തെ കളിയില്‍ അഫ്‌ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടി രോഹിത് ബാറ്റിങ്ങില്‍ താളം കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 131 റണ്‍സായിരുന്നു രോഹിത് അടിച്ചുകൂട്ടിയത്. ടി20 ശൈലിയിലായിരുന്നു ഈ മത്സരത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്.
15 വര്‍ഷത്തിലധികമായുള്ള കരിയറില്‍ ഷോട്ട് സെലക്ഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുള്ള ബാറ്ററാണ് രോഹിത് ശര്‍മയെന്ന് മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രജ്‌പുത് (Lalchand Rajput) ഇടിവി ഭാരതിനോട് പറഞ്ഞു. 'ഒരുപാട് താരങ്ങളുടെ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുകയും അവര്‍ കൂടുതല്‍ പോസിറ്റീവായി കളിക്കാന്‍ തുടങ്ങിയതും ടി20 ഫോര്‍മാറ്റിലൂടെയാണ്. വളരെ കഴിവുറ്റ ഒരു ബാറ്ററാണ് രോഹിത് ശര്‍മ.
കരിയറില്‍ ധാരാളം സമയം രോഹിതിന് ലഭിച്ചു. അതിലൂടെ തന്‍റെ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്താന്‍ രോഹിതിനായി. സ്ഥിരതയോടെയാണ് രോഹിത് ശര്‍മ ഓരോ ഷോട്ടും തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും ടെസ്റ്റില്‍ വലിയ സ്കോറുകളും നേടാന്‍ രോഹിതിന് സാധിച്ചത്. ഒരു ബാറ്റര്‍ എന്ന നിലയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ കാര്യം. മികച്ച ഷോട്ടുകള്‍ കളിക്കുന്നത് തുടരുകയാണ് ഇനിയും വേണ്ടത്' - ലാല്‍ചന്ദ് രജ്‌പുത് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ ലോഫ്റ്റഡ് ഷോട്ടുകളിലൂടെയും പുള്‍ ഷോട്ടുകളിലൂടെയും അനായാസം റണ്‍സ് കണ്ടെത്തുന്ന താരമാണ് രോഹിത് ശര്‍മ. ക്രിക്കറ്റിനായി അധികം സമയം ചെലവഴിക്കാന്‍ രോഹിത് തയാറായതുകൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് അദ്ദേഹത്തിന് എത്താനായതെന്ന് താരത്തിന്‍റെ മുന്‍ പരിശീലകന്‍ ദിനേശ് ലാഡ് (Dinesh Lad) പറഞ്ഞു.
'രോഹിതിന്‍റെ കരിയറിലെ ഏറ്റവും മോശം സമയം ആയിരുന്നു 2009, 2011 വര്‍ഷങ്ങള്‍. ക്രിക്കറ്റിനായി വേണ്ടത്ര സമയം നല്‍കാന്‍ അന്ന് രോഹിതിനായിരുന്നില്ല. 2011ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതിരുന്നത് രോഹിതിനെ ശരിക്കും ഞെട്ടിച്ചു. പിന്നീട് ഞാന്‍ അവന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. അതോടെ രോഹിത് ക്രിക്കറ്റിനായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി രോഹിതിന് ടീം ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം നല്‍കിയതോടെ അവന്‍റെ ആത്മവിശ്വാസം കൂടുതല്‍ ഉയരുകയാണ് ചെയ്‌തത്' - ദിനേശ് ലാഡ് വ്യക്തമാക്കി.