അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഫൈനലിന് ഇറങ്ങുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.
ലോകകപ്പില്‍ തോല്‍വികളൊന്നുമറിയാതെ ഫൈനലിലേക്ക് എത്തിയ ടീം ഇന്ത്യ ലക്ഷ്യമിടുന്നത് മൂന്നാം കിരീടം. ആധികാരികമായിരുന്നു ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ യാത്ര. പ്രാഥമിക റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ വീഴ്‌ത്തിയാണ് രോഹിത് ശര്‍മയും സംഘവും തേരോട്ടം തുടങ്ങിയത്.
തുടര്‍ന്ന് ആദ്യ റൗണ്ടില്‍ കളിച്ച എല്ലാ മത്സരങ്ങളിലും എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് ജയിക്കാനായി. സെമി ഫൈനലില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ വീഴ്‌ത്തി ഫൈനല്‍ ടിക്കറ്റും നേടി. താരങ്ങളുടെ ഒത്തിണക്കത്തോടെയുള്ള പ്രകടനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്.
മറുവശത്ത്, ആറാം കിരീടമാണ് ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ലക്ഷ്യം. ഈ ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവ് തന്നെ നടത്താന്‍ അവര്‍ക്കായി. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റുകൊണ്ടാണ് ഓസ്‌ട്രേലിയ തുടങ്ങിയത്.
അതിനുശേഷം കളിച്ച എട്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഓസീസ് ഫൈനലിലേക്ക് കുതിച്ചത്. താരങ്ങളുടെ വ്യക്തിഗത മികവിലാണ് ഓസ്‌ട്രേലിയ ഓരോ മത്സരങ്ങളിലും ജയം പിടിച്ചെടുത്തത്.
അഹമ്മദാബാദ് പിച്ച് റിപ്പോര്‍ട്ട് : 1,30,000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ഇന്ത്യ പാകിസ്ഥാന്‍ മത്സരം കളിച്ച അതേ പിച്ചാണ് ഇന്നത്തെ ഫൈനല്‍ മത്സരത്തിനും ഉപയോഗിക്കുന്നത്. ലോ ബൗണ്‍സുള്ള സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചാണ് ഇത്. 251 റണ്‍സാണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോര്‍.
ലോകകപ്പില്‍ നാല് മത്സരങ്ങള്‍ക്കാണ് അഹമ്മദാബാദ് വേദിയായത്. ഇതില്‍ മൂന്ന് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്‌ത ടീമിനൊപ്പമായിരുന്നു ജയം.
Also Read : ഒരൊറ്റ മനസോടെ രാജ്യം, കപ്പില്‍ ഇന്ത്യ മുത്തമിടാന്‍ കണ്ണടച്ച് കൈ കൂപ്പി ആരാധകര്‍; ശബരിമലയിലും പ്രാര്‍ഥന