അഹമ്മദാബാദ് : ലോക ക്രിക്കറ്റിന്‍റെ രാജാക്കന്മാര്‍ ആരാകും എന്നറിയാന്‍ ഇനി ശേഷിക്കുന്ന്ത് മണിക്കൂറുകള്‍ മാത്രം. ഏകദിന് ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനലില്‍ ആതിഥേയരായ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനെയാണ് നേരിടുന്നത് (India vs Australia Final). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ടോസ് വീഴുന്ന കലാശപ്പോരാട്ടം രണ്ടിനാണ് ആരംഭിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിലെ മൂന്നാം കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത് ആറാം കിരീടം തേടിയാണ് കങ്കാരുപ്പടയുടെ വരവ്. നിലവിലെ ഫോമിന്‍റെ കാര്യത്തില്‍ തുല്യശക്തികളാണ് ഇരു ടീമും.
ലോകകപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്നത്. ഓസ്‌ട്രേലിയ ആകട്ടെ ആദ്യ രണ്ട് മത്സരം പരാജയപ്പെട്ടു. പിന്നീടുള്ള എട്ട് മത്സരവും തുടരെ ജയിച്ചാണ് ഫൈനല്‍ യോഗ്യത ഉറപ്പാക്കിയത്.
ടൂര്‍ണമെന്‍റില്‍ അപരാജിത കുതിപ്പിനൊടുവില്‍ കിരീടവുമായി മടങ്ങുക എന്നത് മാത്രമാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്‍റെയും ഏക ലക്ഷ്യം. ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും മിന്നും ഫോം ടീമിന് പ്രതീക്ഷ. നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് തുടക്കവും ശുഭ്‌മാന്‍ ഗില്ലിന്‍റെ പിന്തുണയും ചേരുമ്പോള്‍ ഓപ്പണിങ് സെറ്റ്.
ആങ്കര്‍ റോളില്‍ അവസാനം വരെ ക്രീസില്‍ നിന്ന് കളി നിയന്ത്രിക്കുന്ന കോലിയും അതിവേഗം റണ്‍സ് ഉയര്‍ത്തുന്ന ശ്രേയസും സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശുന്ന കെഎല്‍ രാഹുലും ഏത് ബോളര്‍മാര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവര്‍. ഫിനിഷര്‍ റോളില്‍ സൂര്യകുമാര്‍ യാദവും ആളിക്കത്താന്‍ കെല്‍പ്പുള്ളയാള്‍. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും ടീമിന്‍റെ കരുത്ത്.
എതിരാളികളെ വേഗം കൊണ്ട് എറിഞ്ഞിടാന്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ ത്രയം. സ്‌പിന്‍ കെണിയൊരുക്കാന്‍ കുല്‍ദീപ് യാദവും ചേരുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നുണ്ടാകില്ല. ഫൈനലിന്‍റെ സമ്മര്‍ദങ്ങളില്ലാതെ ഒത്തിണക്കത്തോടെ കളിക്കാനായാല്‍ ലോക കിരീടം 12 വര്‍ഷത്തിന് ശേഷം വീണ്ടും തങ്ങളുടെ ഷെല്‍ഫിലേക്ക് എത്തിക്കാന്‍ ഇന്ത്യയ്‌ക്കാകും.
എഴുതി തള്ളരുത് മൈറ്റി ഓസീസിനെ : ലോകകപ്പ് ചരിത്രത്തിലെ ആറാം കിരീടം ലക്ഷ്യമിട്ടാണ് കങ്കാരുപ്പട ഇന്ത്യന്‍ മണ്ണിലേക്ക് എത്തിയത്. ലോകകപ്പില്‍ കളിച്ച ആദ്യ രണ്ട് മത്സരം പാറ്റ് കമ്മിന്‍സും സംഘവും തോറ്റു. അവിടുന്നായിരുന്നു പിന്നീട് അവരുടെ കുതിപ്പ്.
100 ശതമാനം പ്രൊഫഷണല്‍, ഒരു ചാമ്പ്യന്‍ ടീം എങ്ങനെയാകണം എന്ന് തെളിയിക്കുന്ന പോരാട്ടങ്ങള്‍. ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം അപാര ഫോമില്‍. ബിഗ് മാച്ച് വിന്നര്‍മാരായ സ്റ്റീവ് സ്‌മിത്ത്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ സാന്നിധ്യവും ടീമിന്‍റെ കരുത്ത്.
ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും സാഹചര്യത്തിനൊത്ത് കളിക്കുന്ന നായകന്‍ പാറ്റ് കമ്മിന്‍സ്. വേഗം കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്. ഇന്ത്യയെ കറക്കി വീഴ്‌ത്താന്‍ ആദം സാംപ. ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന നിര തന്നെയാണ് കങ്കാരുപ്പടയ്‌ക്കൊപ്പവും ഫൈനല്‍ കളിക്കാനിറങ്ങുന്നത്.
Also Read : 'ടീം ഇന്ത്യയും മൈറ്റി ഓസീസും'... കലാശപ്പോരില്‍ കപ്പ് തൂക്കാൻ കരുതിയിരിക്കേണ്ടത് ഇവരെ...