ലീഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. ഏയ്ഞ്ചലോ മാത്യൂസിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് തുടക്കത്തിൽ പതറിയ ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മൂന്ന് റൺസെടുക്കുന്നതിനിടയിൽ ഓപ്പണിങ് ബാറ്റ്സ്മാൻമാരായ ദിമുത് കരുണാരത്നയും (1) കുശാൽ പെരേരയും കൂടാരം കയറി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും ലങ്കൻ സ്കോർ മുന്നോട്ടു നീക്കി. മൂന്നാം വിക്കറ്റിൽ ഇരുവരും 59 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 13-ാം ഓവറിൽ 39 പന്തിൽ 49 റൺസെടുത്ത ഫെർണാണ്ടോയെ പുറത്താക്കി മാർക്ക് വുഡ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. അതിനുശേഷം മുൻ നായകൻ ഏയ്ഞ്ചലോ മാത്യൂസ് മെന്‍ഡിസിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. സ്കോര്‍ 133-ല്‍ എത്തിയപ്പോള്‍ 46 റണ്‍സെടുത്ത മെന്‍ഡിസും പുറത്ത്. തൊട്ടുപിന്നാലെ ജീവന്‍ മെന്‍ഡിസും കൂടാരം കയറി. തുടര്‍ന്നുവന്ന ധനഞ്ജയ സില്‍വ മാത്യൂസിനൊപ്പം 57 റണ്‍സ് കൂട്ടിച്ചേര്‍ത്തത് മാത്രമാണ് പിന്നീടുണ്ടായ ഒരു ചെറുത്തുനില്‍പ്പ്. ഇംഗ്ലീഷ് ബൗളര്‍മാരുടെ തകർപ്പൻ പ്രകടനത്തിനിടയിലും മാത്യൂസ് ഒരറ്റത്ത് പിടിച്ചുനിന്നു. അവസരത്തിനൊത്തുയര്‍ന്ന മാത്യൂസ് 115 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സുമടക്കം 85 റണ്‍സ് നേടിയപ്പോൾ ലങ്ക ഭേദപ്പെട്ട ടോട്ടലിലെത്തി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആദില്‍ റാഷിദ് രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.