മാഞ്ചസ്റ്റർ: മഴയില്‍ മുങ്ങിയ ലോകകപ്പിലെ ഇന്ത്യ - ന്യൂസിലൻഡ് സെമി ഫൈനല്‍ മത്സരം ഇന്ന് വീണ്ടും നടക്കും. വൈകിട്ട് മൂന്നിനാണ് മത്സരം തുടങ്ങുന്നത്. ഇന്നലെ മാഞ്ചസ്റ്ററില്‍ കളി അവസാനിപ്പിച്ച 46.2 ഓവറിലാണ് ന്യൂസിലൻഡ് ഇന്ന് ബാറ്റിങ് തുടങ്ങുക. 3.5 ഓവർ മാത്രമാണ് ന്യൂസിലൻഡിന്‍റെ ഇന്നിംഗ്സില്‍ ശേഷിക്കുന്നത്. അർദ്ധ സെഞ്ച്വറി നേടിയ റോസ് ടെയ്‌ലറും ടോം ലാഥവുമാണ് ക്രീസിലുള്ളത്.
മഴ മത്സരം മുടക്കുമ്പോൾ ന്യൂസിലൻഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റൺസ് എടുത്തിരുന്നു. ഇന്നലെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ആദ്യ റൺസ് എടുക്കാൻ മൂന്ന് ഓവർ വരെ കാത്തുനില്‍ക്കേണ്ടി വന്ന ന്യൂസിലൻഡ് അവസാന ഓവറുകളില്‍ റൺറേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് മഴ എത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റിസർവ് ദിനമായ ഇന്നും മഴ മാഞ്ചസ്റ്ററില്‍ മഴ ഭീഷണിയുണ്ട്. ഇന്നും മഴ പെയ്താല്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്‍റ് നില നോക്കിയാകും ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലൻഡിനേക്കാൾ മുന്നിലാണ് ഇന്ത്യ. അങ്ങനെ സംഭവിച്ചാല്‍ സ്വാഭാവികമായും ഇന്ത്യ ഫൈനലില്‍ എത്തും.