ക്രിക്കറ്റ് ലോകകപ്പിന്‍റെ 12-ാം പതിപ്പിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. ഓവലില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടെ ലോകകപ്പ് ആരവം ഉണരും. ഇത് അഞ്ചാം തവണയാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയാകുന്നത്. 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 1975, 1979, 1983, 1999 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നത്.
കഴിഞ്ഞ രണ്ട് ലോകകപ്പിലും 14 ടീമുകള്‍ കളിച്ചിടത്ത് ഇത്തവണ 10 ടീമുകൾ മാത്രമാണ് പങ്കെടുക്കുന്നത്. ടെസ്റ്റ് പദവിയുള്ള സിംബാബ്‌വെ, അയര്‍ലന്‍ഡ് ടീമുകള്‍ക്ക് ഇത്തവണ യോഗ്യത നേടാനായില്ല. 2017 സെപ്റ്റംബറില്‍ ഏകദിന റാങ്കിങ്ങില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലുണ്ടായിരുന്ന ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളും ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടും നേരിട്ട് യോഗ്യത നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും യോഗ്യതാ മത്സരം കളിച്ച് യോഗ്യത നേടി.
ക്രിക്കറ്റിന്‍റെ ജന്മനാട്ടില്‍ വീണ്ടുമൊരു ലോകകപ്പിന് കൊടികയറുമ്പോൾ ഹോട്ട് ഫേവറിറ്റുകളായി ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് മുന്നിൽ. നിര്‍ഭാഗ്യത്തിന്‍റെ ജാതകം തിരുത്തിയെഴുതാന്‍ ഇത്തവണ ദക്ഷിണാഫ്രിക്കയും വിസ്മയിപ്പിക്കാന്‍ പാകിസ്ഥാനും ന്യൂസിലന്‍ഡും തയ്യാറെടുത്ത് കഴിഞ്ഞു. ലോകകപ്പിലെ കറുത്ത കുതിരകളാകാൻ കോപ്പുകൂട്ടി വെസ്റ്റ് ഇന്‍ഡീസും ഒപ്പമുണ്ട്. വീറോടെ പൊരുതാന്‍ ബംഗ്ലാദേശും പ്രതാപം വീണ്ടെടുക്കാന്‍ ശ്രീലങ്കയും ലോക ടൂർണമെന്‍റിന് എത്തുമ്പോൾ വമ്പന്മാരെ അട്ടിമറിച്ച് ക്രിക്കറ്റ് ഭൂപടത്തില്‍ ഇടംപിടിക്കണമെന്ന മോഹവുമായി രണ്ടാം ലോകകപ്പിന് അഫ്ഗാനിസ്ഥാനും ഇറങ്ങും.
ഇംഗ്ലണ്ടിലും വെയിൽസിലുമായി പതിനൊന്നു വേദികളില്‍ നടക്കുന്ന ലോകകപ്പിനായി പത്ത് ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ 1992 ലോകകപ്പിന് സമാനമായി ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലാണ് പോരാട്ടങ്ങള്‍. ഒരു ടീമിന് ഒമ്പത് മത്സരങ്ങള്‍. ആദ്യ റൗണ്ടില്‍ ആകെ 45 മത്സരങ്ങള്‍ നടക്കും. ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലെത്തും. ടീമുകള്‍ക്ക് ഒരേ പോയിന്‍റ് വന്നാല്‍ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാകും വിധി നിര്‍ണയിക്കുക.
ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എന്നാല്‍ രാജ്യം കാത്തിരിക്കുന്ന മത്സരം ജൂണ്‍ പതിനാറിന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. ഇന്ത്യയുടെ മുന്‍നായകന്‍ എം എസ് ധോണിയടക്കമുള്ള ഒരു പിടിതാരങ്ങളുടെ വിടവാങ്ങലിനുകൂടി ഈ ലോകകപ്പ് സാക്ഷിയായേക്കാം. വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ലോകകപ്പോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
ജൂലൈ ഒമ്പതിന് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും ആദ്യ സെമിയിൽ ഏറ്റുമുട്ടുമ്പോൾ ജൂലൈ പതിനൊന്നിന് രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിൽ രണ്ടാം സെമി ഫൈനലും നടക്കും. പതിനാലിന് ക്രിക്കറ്റിന്‍റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിൽ ഫൈനലില്‍ ലോക ജേതാവിനെ അറിയാം.