ടൗൺടൺ : ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയില്‍ ബാറ്റ്‌സ്മാൻമാരെ പഴിച്ച് പാകിസ്ഥാന്‍ നായകൻ സര്‍ഫറാസ് അഹമ്മദ്. തോൽവിയിൽ നിരാശയുണ്ട്. ബാറ്റ്സ്മാൻമാരുടെ പിഴവുകളാണ് തോൽവിക്ക് കാരണമെന്നും പാക് നായകൻ ചൂണ്ടിക്കാട്ടി. 140 ന് മൂന്ന് എന്ന നിലയില്‍ നിന്ന് 15 പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. ഹസന്‍ അലിയും വഹാബ് റിയാസും മികച്ച രീതിയില്‍ ബാറ്റേന്തിയത് മാത്രമാണ് പാകിസ്ഥാന് ആശ്വാസമായി പറയാനുള്ളത്. മുഹമ്മദ് ആമിറ് ഒഴികെ ആര്‍ക്കും മികച്ച രീതിയില്‍ പന്തെറിയാൻ കഴിയാതിരുന്നതും തോൽവിക്ക് കാരണമായി. ബാറ്റിംഗ് നിരയിലെ ആദ്യ നാല് പേര്‍ റണ്‍സ് കണ്ടെത്തി മികച്ച തുടക്കം നല്‍കിയാല്‍ മാത്രമെ ജയിക്കാൻ സാധിക്കൂ എന്നും സർഫറാസ് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയോട് 41 റണ്‍സിനായിരുന്നു പാകിസ്ഥാന്‍റെ തോല്‍വി. ലോകകപ്പിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയ പാകിസ്ഥാന് ഒരു ജയം മാത്രമാണ് നേടാനായത്. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റപ്പോൾ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ ജയം കണ്ടെത്തി. ശ്രീലങ്കക്കെതിരായ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. അടുത്ത മത്സരത്തിൽ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാനിറങ്ങുക. ഇന്ത്യക്കെതിരെയും തോൽവി വഴങ്ങിയാൽ ലോകകപ്പിലെ പാകിസ്ഥാന്‍റെ മുന്നേറ്റത്തിന് തിരിച്ചടിയാകും.