വാഷിങ്ടൺ: അടുത്ത ലോകകപ്പിന് മുമ്പ് പാകിസ്ഥാനെ ലോകത്തിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ നായകനുമായ ഇമ്രാൻ ഖാൻ. പാകിസ്ഥാനെ മികച്ച ടീമാക്കി മാറ്റാനുള്ള പദ്ധതികൾ തന്‍റെ കൈവശമുണ്ടെന്നും ഇമ്രാൻ വ്യക്തമാക്കി.
അമേരിക്കൻ സന്ദർശത്തിനിടെ പാകിസ്ഥാൻ വംശജരുടെ ഒത്തുകൂടലില്‍ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. ഇക്കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ കടക്കാൻ കഴിയാതെയിരുന്ന ടീം 11 പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണ് എത്തിയത്. അടുത്ത ഐസിസി ടൂർണമെന്‍റില്‍ തന്നെ മികച്ച പാകിസ്ഥാൻ ടീമിനെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദയനീയമായി തോല്‍വി ഏറ്റുവാങ്ങിയതിനെ തുടർന്ന് പാകിസ്ഥാൻ ടീം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. പിന്നീട് തുടർജയങ്ങളുമായി തിരിച്ചെത്തിയെങ്കിലും അവർക്ക് സെമിയിലേക്ക് മുന്നേറാൻ സാധിച്ചില്ല. ലോകകപ്പിലെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദി നിലവിലെ മാനേജ്മെന്‍റാണെന്നും ആരോപണങ്ങളുണ്ടായിരുന്നു. പാക് ടീമില്‍ വലിയ അഴിച്ച് പണിക്കുള്ള സാധ്യതകൾ സജീവമായി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇമ്രാൻ ഖാന്‍റെ പരാമർശം.