മെല്‍ബണ്‍: സ്വന്തം നാട്ടില്‍ നടക്കുന്ന കിരീട പോരാട്ടത്തില്‍ ജയം മാത്രമാണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മെഗ് ലാനിങ്. മാർച്ച് എട്ടിന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മെല്‍ബണില്‍ നടക്കാനിരിക്കുന്ന വനിത ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ. ലോകകപ്പില്‍ ആയാസരഹിതമായ പ്രയാണം ഞങ്ങൾ പ്രതീക്ഷിച്ചതല്ല. കിരീടം സ്വന്തമാക്കാനുള്ള യാത്രയില്‍ ശക്തമായ പോരാട്ടമുണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആർക്കും വാക്ക് കൊടുത്തല്ല ഞങ്ങൾ ലോകകപ്പിന് എത്തിയത്. ഞങ്ങൾ ജയിക്കാന്‍ വേണ്ടിയാണ് ഇവിടം വരെ എത്തിയത് അത് യാഥാർഥ്യമാക്കുമെന്നും ലാനിങ്ങ് കൂട്ടിച്ചേർത്തു. ഫൈനല്‍ വരെ സുഗമമായ യാത്രയല്ല ഞങ്ങൾ നടത്തിയത്. ലോകകപ്പില്‍ ഉടനീളം കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. ആദ്യ മത്സരത്തില്‍ തന്നെ പരാജയം രുചിച്ചു. പക്ഷേ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകും. ഓരോ കളികളിലും വ്യത്യസ്ഥ താരങ്ങൾ ടീമിനെ മുന്നില്‍ നിന്നും നയിച്ചു. ഇതില്‍ നിന്നും ടീം പാഠങ്ങൾ ഉൾക്കൊണ്ടുവെന്നും ലാനിങ് പറഞ്ഞു.
ഓസ്‌ട്രേലിയ ഇതിനകം നാല് തവണ വനിത ടി20 ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചാം കിരീട നേട്ടം ലക്ഷ്യമിട്ടാണ് ഓസിസ് ടീം മെല്‍ബണില്‍ ഇറങ്ങുന്നത്. അതേസമയം സ്റ്റാർ ഓൾറൗണ്ടർ എലിസ് പെറി കളിക്കാത്തത് ഓസിസിന് ക്ഷീണമുണ്ടാക്കും. ലോകകപ്പിനിടെ പരിക്കേറ്റതിനെ തുടർന്നാണ് പെറിക്ക് ഫൈനല്‍ മത്സരം നഷ്‌ടമായത്. അതേസമയം പെറിയുടെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റന്‍ മെഗ് ലാനിങ് നേരത്തെ പറഞ്ഞിരുന്നു. ടീം ഇന്ത്യ ആദ്യമായാണ് വനിത ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. നേരത്തെ 2018-ല്‍ നടന്ന ടി20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ വരെ ടീം ഇന്ത്യ എത്തിയിരുന്നു.