രാജ്കോട്ട്: ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിനായി കോലിയും കൂട്ടരും രാജ്കോട്ടില്‍ എത്തി. മൂന്ന് പരമ്പരകളുള്ള മത്സരത്തിലെ രണ്ടാമത്ത മത്സരത്തിന് രാജ്കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദിയാവുക. ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി, മനീഷ് പണ്ഡ്യ എന്നവർ ഉൾപ്പെടുന്ന ടീം അംഗങ്ങളും വിരാട് കോലിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് ടീമിനൊപ്പം യാത്രചെയ്‌തില്ല. താരം ഡോക്‌ടർമാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്‍റെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ടാണ് ഋഷഭിന് പരിക്കേറ്റത്. ഇതേ തുടർന്ന് താരത്തിന് പകരം കെ.എല്‍ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന്‍റെ പരാജയം വഴങ്ങിയിരുന്നു. കോലിയും കൂട്ടരും ഉയര്‍ത്തിയ 256 റണ്‍സിന്‍റെ വിജയലക്ഷ്യം 74 പന്തുകള്‍ ശേഷിക്കെയാണ് വിക്കറ്റ് നഷ്ടമില്ലാതെ ഓസ്‌ട്രേലിയ മറികടന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി 128 റണ്‍സോടെ ഡേവിഡ് വാർണറും 110 റണ്‍സോടെ ആരോണ്‍ ഫിഞ്ചും സെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ കൂടാരം കയറിയിരുന്നു. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്‌റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പാറ്റ് കമ്മിന്‍സും കെയിന്‍ റിച്ചാഡ്‌സണും രണ്ട് വീതം വിക്കറ്റുകളും സ്പിന്നര്‍മാരായ ആദം സാംപയും ആഷ്‌ടണ്‍ അഗാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.