കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമർ അക്‌മലിനെ പാക് ക്രിക്കറ്റ് ബോർഡിന്‍റെ അഴിമതി വിരുദ്ധ വിഭാഗം സസ്പെന്‍റ് ചെയ്‌തു. അതേസമയം സസ്പെന്‍റ് ചെയ്യാനുള്ള കാരണം പിസിബി വ്യക്തമാക്കിയിട്ടില്ല. അഴിമതി വിരുദ്ധ വിഭാഗത്തിന്‍റെ അന്വേഷണം അവസാനിക്കുന്നത് വരെ താരത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ ഏർപ്പെടാന്‍ സാധിക്കില്ല. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് തയാറായിട്ടില്ല. ഫിറ്റ്‌നെസ് ടെസ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് താരത്തെ സസ്പെന്‍റ് ചെയ്‌തിരിക്കുന്നത്. പാകിസ്ഥാന്‍റെ ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടർന്ന് താരം അക്കാദമിയിലെ അംഗങ്ങളോട് അപമര്യാദയായി പെരുമാറിയതായി ആരോപണം ഉയർന്നിരുന്നു.
സസ്പെന്‍ഷനെ തുടർന്ന് 21 വയസുള്ള താരത്തിന് പാകിസ്ഥാന്‍ സൂപ്പർ ലീഗിലും കളിക്കാന്‍ സാധിക്കില്ല. ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ക്വേട്ടാ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടിയാണ് അക്‌മല്‍ കളിക്കുന്നത്. ലീഗ് ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ അക്‌മലിന് പകരം കളിക്കാരനെ ഉൾപ്പെടുത്താന്‍ ഫ്രാഞ്ചൈസി അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി 121 ഏകദിനങ്ങളും 16 ടെസ്റ്റുകളും 84 ടി20കളും അക്‌മല്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ എടുത്ത 129 റണ്‍സാണ് ഏറ്റവും ഉയർന്ന സ്കോർ.