മാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകൾ എന്ന ചരിത്ര നേട്ടവുമായി ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിന് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അഞ്ചാം ദിനം ഓപ്പണർ ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റിനെ പുറത്താക്കിയാണ് ബ്രോഡ് ചരിത്രത്തിലേക്ക് പന്തെറിഞ്ഞത്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന താരം കൂടിയാണ് ബ്രോഡ്. മൂന്ന് വർഷം മുൻപ് പേസർ ജെയിംസ് ആൻഡേഴ്‌സൺ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ആൻഡേഴ്‌സന്‍റെ 500-ാം വിക്കറ്റും ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റായിരുന്നു. തന്‍റെ 140-ാം ടെസ്റ്റില്‍ നിന്നാണ് ബ്രോഡ് ഈ നേട്ടം സ്വന്തമാക്കിയത്.
ലോകക്രിക്കറ്റില്‍ 500 വിക്കറ്റ് സ്വന്തമാക്കുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്. മുത്തയ്യ മുരളീധരൻ( 800 വിക്കറ്റ്), ഷെയ്ൻ വോൺ (708), അനില്‍ കുംബ്ലൈ( 619), ജെയിംസ് ആൻഡേഴ്‌സൺ ( 589), ഗ്ലെൻ മഗ്രാത്ത് ( 563), കോർട്‌നി വാല്‍ഷ്( 519) എന്നിവരാണ് ബ്രോഡിന് മുന്നിലുള്ളത്. വിൻഡീസിന് എതിരായ മൂന്നാം ടെസ്റ്റില്‍ ബ്രോഡിന്‍റെ 10 വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ട് 269 റൺസിന്‍റെ തകർപ്പൻ ജയവും പരമ്പര നേട്ടവും സ്വന്തമാക്കി.