കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ജൂണ്‍ ഒന്ന് മുതല്‍ പരിശീലനം പുനരാരംഭിക്കും. ക്രിക്കറ്റ് ശ്രീലങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ കായിക മന്ത്രാലയത്തിന്‍റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കർശന നിയന്ത്രണങ്ങൾക്ക് നടുവില്‍ കൊളംബോയിലെ റസിഡന്‍ഷ്യല്‍ ക്യാമ്പിലാണ് പരിശീലനം. 12 ദിവസത്തെ പരിശീലനത്തില്‍ 13 താരങ്ങളാണ് പങ്കാളികളാവുക. എന്നാല്‍ ഇവരുടെ പേര് വിവരങ്ങൾ ക്രിക്കറ്റ് ശ്രീലങ്ക പുറത്ത് വിട്ടില്ല. ബൗളർമാർക്കാകും പരിശീലനത്തില്‍ മുന്‍ഗണന നല്‍കുക. ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സമയം എടുക്കുമെന്നതിനാലാണ് ഈ തീരുമാനം.
പരിശീലനത്തില്‍ പങ്കെടുക്കുന്നവർ എസ്‌എല്‍സി ഒരുക്കിയ പ്രത്യേക ഹോട്ടലിലാകും താമസിക്കുക. ജൂണ്‍ ഒന്നിന് ഹോട്ടലിന് ഉള്ളിലാകും പരിശീലനം. രണ്ടാം തീയതി മുതല്‍ പുറത്തിറങ്ങി പരിശീലനം നടത്തും. ക്യാമ്പിലെ അംഗങ്ങൾക്ക് ഹോട്ടല്‍ പരിസരം വിട്ട് പുറത്ത് പോകാന്‍ അനുവാദമില്ല. പരിശീലനത്തിന് മുന്നോടിയായി സംഘാംഗങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം അണുവിമുക്തമാക്കി.
കൊവിഡ് 19-നെ തുടർന്ന് സ്തംഭിച്ച കായിക ലോകത്ത് നേരത്തെ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലീഷ് ടീമുകൾ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചിരുന്നു. നിലവില്‍ ഏഷ്യയില്‍ നിന്നും ആദ്യമായി പരിശീലനം പുനരാരംഭിക്കുന്നത് ശ്രീലങ്കയാണ്. ദക്ഷിണാഫ്രിക്ക കഴിഞ്ഞ ശനിയാഴ്‌ച ക്രിക്കറ്റ് പരിശീലനം പുനരാരംഭിക്കാന്‍ അനുവാദം നല്‍കിയിരുന്നു.