സിഡ്‌നി: പിതാവിന്‍റെ മരണത്തിലും വിങ്ങുന്ന ഹൃദയവുമായി അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. എല്ലാ പിന്തുണയും നല്‍കി കരിയറില്‍ കൂടെ നിന്ന പിതാവിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സിറാജ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സിറാജിന് പിതാവിനെ നഷ്‌ടമായത്.
കൂടുതല്‍ വായനക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്‍റെ പിതാവ് അന്തരിച്ചു
ഈ പശ്ചാത്തലത്തിലാണ് സിറാജിന്‍റെ പ്രതികരണം. പിതാവിന്‍റെ മരണം വലിയ നഷ്‌ടമാണ്. അദ്ദേഹമാണ് കരിയറില്‍ എല്ലാ പിന്തുണയും നല്‍കിയത്. രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിലൂടെ രാജ്യം അഭിമാനം കൊള്ളണം. ഇപ്പോള്‍ പിതാവ് തന്‍റെയൊപ്പമില്ല. അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം. വിങ്ങുന്ന ഹൃദയവുമായി സിറാജ് പറഞ്ഞു. പിതാവ് ഇപ്പോഴും ഹൃദയത്തിലുണ്ട്. മാതാവിനോട് സംസാരിക്കാനായെന്നും പിതാവിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ തന്നെ പ്രോത്സാഹിപ്പിച്ചെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: പിതാവിന്‍റെ വിയോഗത്തിലും ക്രിക്കറ്റ് തുടരാനുള്ള സിറാജിന്‍റെ തീരുമാനത്തിന് ഗാംഗുലിയുടെ പിന്തുണ
പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിട്ടും സിറാജ് ഇന്ത്യയിലേക്ക് മടങ്ങാതെ പരമ്പരയുടെ ഭാഗമായി തുടരാന്‍ തീരുമാനിച്ചു. ഇതിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയുടെ ഭാഗമായി സിഡ്‌നിയിലാണ് സിറാജ്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിലാണ് സിറാജിന് അവസരം ലഭിച്ചത്. ഈ മാസം 27ന് ഏകദിന പരമ്പരയോടെ ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കും.