ന്യൂഡല്‍ഹി: നായക സ്ഥാനം പങ്കുവെക്കേണ്ട സാഹചര്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലനില്‍ക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ചരേക്കര്‍. നിലവില്‍ വിരാട് കോലിയുടെ കൈകളില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യക്ക് വ്യത്യസ്ഥ നായകന്‍മാരെ ആവശ്യമുണ്ടെന്ന തരത്തില്‍ ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് മഞ്ചരേക്കര്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്യാപ്റ്റനുള്ളിടത്തോളം നായക സ്ഥാനം പങ്കുവെക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടെന്ന് മഞ്ചരേക്കര്‍ പറഞ്ഞു. നിലവില്‍ വിരാട് കോലി എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഭാവിയില്‍ അങ്ങനെ ഒരു സാഹചര്യം ഉരുത്തിരിയുകയാണെങ്കില്‍ നായക സ്ഥാനം പങ്കുവെക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഏകദിനത്തിലോ ടി20യിലോ അതിന് സാധിക്കാതെ വരുകയുമാണെങ്കില്‍ അക്കാര്യം പരിഗണിക്കാം. എന്നാല്‍ ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന ഒരു നായകന്‍ നമുക്കുണ്ട്. നേരത്തെ മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായിരുന്നപ്പോഴും നായക സ്ഥാനം പങ്കുവെക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും മഞ്ചരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് ലോക ക്രിക്കറ്റില്‍ ചുരുക്കം ചില ടീമുകള്‍ക്ക് ഒഴിച്ച് വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ഥ ക്യാപ്റ്റന്‍മാരാണ് ഉള്ളത്. ഓസ്‌ട്രേലിയക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ടിം പെയിന്‍ നായകനാകുമ്പോള്‍ ആരോണ്‍ ഫിഞ്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിനെ നയിക്കുന്നു. സമാന സാഹചര്യമാണ് ഇംഗ്ലണ്ടിലും. അവിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ടാണ് നായകന്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓയിന്‍ മോര്‍ഗനും.