ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ടെസ്‌റ്റ് മത്സരങ്ങൾ അഞ്ച് ദിവസങ്ങളില്‍ നിന്നും നാലാക്കി ചുരുക്കാനുള്ള നീക്കത്തിനെതിരെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. 2023-ലെ ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ചതുർദിന ടെസ്‌റ്റ് മത്സരം നടത്തുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് സച്ചിന്‍റെ പ്രതികരണം.
പുതിയ പരിഷ്‌കാരത്തിനുള്ള നീക്കം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സ്‌പിന്നര്‍മാരുടെ സാന്നിധ്യം ഇല്ലാതാക്കുമെന്ന് സച്ചിന്‍ പറഞ്ഞു. ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും ആദ്യ ദിനം എടുത്തുമാറ്റുന്നത് പോലെയാണ് സ്‌പിന്നര്‍മാര്‍ക്ക് അവസാന ദിനം നഷ്‌ടമാക്കുന്നത്. അഞ്ചാം ദിനം പിച്ചില്‍ പന്തെറിയാന്‍ ആഗ്രഹിക്കാത്ത സ്‌പിന്നര്‍മാരുണ്ടാകില്ല. അവസാന ദിവസമാണ് പന്ത് ബൗണ്‍സ് ചെയ്‌തു തുടങ്ങുന്നത്. ഇതൊരിക്കലും ആദ്യ രണ്ട് ദിവസങ്ങളില്‍ സംഭവിക്കില്ല. 143 വർഷം പഴക്കമുള്ള ക്രിക്കറ്റിലെ ഏറ്റവും തനതായ രൂപമാണ് ടെസ്റ്റ്. ഈ ഫോർമാറ്റ് അതേപടി നിലനിര്‍ത്തുന്നതാണ് ഉചിതം. ബാറ്റ്സ്‌മാന്‍മാർക്ക് വെല്ലുവിളി ഉയർത്തുന്ന രീതിയില്‍ ഏതെങ്കിലും ഒരു ഫോർമാറ്റിലെങ്കിലും നിലനില്‍ക്കണം. ഇതിനായി മികച്ച ടെസ്‌റ്റ് വിക്കറ്റുകൾ നിലനിർത്തണമെന്നും സച്ചിന്‍ അഭിപ്രായപെട്ടു.
ചതുർദിന ടെസ്‌റ്റിലൂടെ ഉദ്ദേശിക്കുന്ന വാണിജ്യപരമായ മാറ്റത്തെ കുറിച്ച് അറിയാം. ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ ചേർത്തുനിർത്താന്‍ വേണ്ടിയാണ് ഏകദന മത്സരങ്ങളും ട്വന്‍റി-20യും ഇപ്പോൾ ടി-20യും ഉൾപെടെ അവതരിപ്പിച്ചത്. കളിയുടെ ഒരു ഫോര്‍മാറ്റെങ്കിലും പഴയ രീതിയില്‍ തുടരണം.
ചതുർദിന ടെസ്‌റ്റ് മത്സരവുമായി ബന്ധപെട്ട് ഐസിസിയുടെ ഭാഗത്ത് നിന്നും ആലോചനകൾ ആരംഭിച്ച പശ്ചാത്തലത്തില്‍ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. മുന്‍ നിര താരങ്ങളായ വിരാട് കോലി, റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങ്കര്‍, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഇതിനോടകം എതിര്‍പ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു.