ഹൈദരാബാദ്: രോഹിത് ശർമയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐസിസിയുടെ 2019-ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌ക്കാരം രോഹിത് സ്വന്തമാക്കി. ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ച്വറി ഉൾപ്പെടെ 2019-ല്‍ ഏഴ് ഏകദിന സെഞ്ച്വറികൾ തികച്ച രോഹിത ശർമ്മ 2019-ലെ മികച്ച ഏകദിന ക്രിക്കറ്റെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് ശർമ്മ ലോകകപ്പിലെ ഏറ്റവും വലിയ റണ്‍വെട്ടക്കാരന്‍ കൂടിയായി മാറി. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നായി രോഹിത് 648 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന് ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോഡും ഹിറ്റ്മാന്‍റെ പേരിലാണ്. 2019-ല്‍ 77 സിക്‌സുകളാണ് താരം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ മാർനസ് ലബുഷെയിന്‍ 2019-ലെ എമേർജിങ് ക്രിക്കറ്റർ പുരസ്‌ക്കാരത്തിനും അർഹനായി. 2019-ല്‍ ടെസ്‌റ്റ് മത്സരങ്ങളില്‍ 64.94 ബാറ്റിങ് ശരാശരിയുള്ള ലബുഷെയിന് എമേർജിങ് ക്രിക്കറ്റർ പുരസ്‌കാരമെന്ന് ഐസിസി ട്വീറ്റ് ചെയ്തു.
അടുത്തിടെ ടെസ്‌റ്റ് റാങ്കിങ്ങില്‍ ലബുഷെയിന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. ന്യൂസിലാന്‍ഡിനെതിരെ സിഡ്നിയില്‍ ആദ്യ ഇന്നിങ്സില്‍ 215 റണ്‍സോടെ ഇരട്ടസെഞ്ച്വറി നേടിയതോടെയാണ് ലബുഷെയിന്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം ഇന്നിങ്സില്‍ 59 റണ്‍സോടെ താരം അർധ സെഞ്ച്വറിയും സ്വന്തമാക്കി. 549 റണ്‍സെടുത്ത താരത്തിന് പരമ്പരയിലെ റണ്‍വേട്ടയില്‍ ഒന്നാമത് എത്താനുമായി. പാകിസ്ഥാന് എതിരെ സ്വന്തം മണ്ണില്‍ നടന്ന രണ്ട് ടെസ്‌റ്റ് ഉൾപ്പെടെ അഞ്ച് ടെസ്‌റ്റ് മത്സരങ്ങളില്‍ ലബുഷെയിന്‍ 896 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ച് വെച്ചിരുന്നു. മത്സരം ജയിച്ചതോടെ ഓസ്‌ട്രേലിയ 4-0ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു.