ഡിആര്‍എസ് ഉപയോഗിക്കുന്നതില്‍ മികവ് പുലര്‍ത്താന്‍ ശ്രമിക്കുമെന്ന് അശ്വിന്‍ - അശ്വിന്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കാനുള്ള അശ്വിന്‍റെയും ക്യാപ്റ്റന്‍ കോലിയുടേയും പല തീരുമാനങ്ങളും പിഴച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിന്‍റെ പ്രതികരണം

ഇനിയുള്ള മത്സരങ്ങളില്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്) ഉപയോഗിക്കുന്നതില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ഡിആര്‍എസ് ഉപയോഗിക്കുന്നത് സംബന്ധിച്ച് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ പല അഭിപ്രായങ്ങളും തന്നെ പ്രതികൂലമായി ബാധിച്ചതായും അശ്വിന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കാനുള്ള അശ്വിന്‍റെയും ക്യാപ്റ്റന്‍ കോലിയുടേയും പല തീരുമാനങ്ങളും പിഴച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിന്‍റെ പ്രതികരണം.
''ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് എന്‍റെ ഡിആര്‍എസ് കോളുകള്‍ നല്ലതായിരുന്നു. കാരണം ഡിആര്‍എസ് എടുക്കുന്നതിന് മുന്നെ വിക്കറ്റ് കീപ്പറുടെ സഹായം തേടാറുണ്ട്. പന്ത് കുത്തിയത് ലൈനിലാണോ അല്ലയോ എന്ന് എനിക്കറിയാനാവും. എന്നാല്‍ ബൗണ്‍സും എറിയുന്ന ആംഗിളില്‍ നിന്നുള്ള ലൈന്‍ എന്നിവ സംബന്ധിച്ച് വിക്കറ്റ് കീപ്പറുടെ സഹായം വേണം. എന്നാല്‍ നിരവധി തവണ ഇക്കാര്യത്തില്‍ റിഷഭ് പന്ത് എന്നെ നിരാശപ്പെടുത്തി'' അശ്വിന്‍ പറഞ്ഞു.
''അതിനാൽ, സത്യസന്ധമായി, ഞാൻ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഭാവിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഞാൻ മികച്ച രീതിയില്‍ ഡിആർഎസ് ഉപയോഗിക്കും'' അശ്വിന്‍ പ്രതികരിച്ചു. ഇതു സംബന്ധിച്ച് പന്തുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും താന്‍ ഡിആര്‍എസ് എടുക്കുന്നതില്‍ പരിശീലകനായ രവി ശാസ്ത്രിക്ക് ചില പരാതികളുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 32 വിക്കറ്റുകള്‍ നേടിയ താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.