ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിലെ ദയനീയ പരാജയത്തെ വിലയിരുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ ടെസ്റ്റില്‍ ആഗ്രഹിച്ച കളി പുറത്തെടുക്കാന്‍ നമുക്കായില്ലെന്ന് മത്സര ശേഷം കോലി പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് ആരേയും പഴിചാരാന്‍ ഇല്ലെന്നും പരമ്പരയില്‍ എറ്റ സമ്പൂർണ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ടീം മുന്നോട്ട് പോകുമെന്നും കോലി വ്യക്തമാക്കി. രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാർക്ക് മുന്നില്‍ കിവീസ് ബൗളര്‍മാര്‍ മേല്‍ക്കൈ നേടി. എന്നാല്‍, ഒരു അന്താരാഷ്‌ട്ര ടീം എന്ന നിലയില്‍ വീഴ്‌ചകൾ മനസ്സിലാക്കണം. എവേ മത്സരങ്ങൾ ജയിക്കണമെങ്കില്‍ അത് നമ്മള്‍ അത് അംഗീകരിച്ചേ മതിയാകൂ. ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോവുമെന്നും വിരാട് കോലി പറഞ്ഞു.
വെല്ലിങ്ടണില്‍ നടന്ന ആദ്യ മത്സരത്തില്‍ നിശ്ചയദാർഢ്യത്തോടെയല്ല നാം കളിച്ചത്. ക്രൈസ്റ്റ്ചർച്ചിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കിവീസ് ബാറ്റ്സ്‌മാന്‍മാരെ സമ്മർദത്തിലാക്കാന്‍ നമുക്കായില്ല. ഇന്ത്യയുടെ ബൗളിങ് ഭേദമായിരുന്നു. വെല്ലിങ്ടണില്‍ പോലും നമ്മള്‍ നന്നായി ബൗള്‍ ചെയ്തു എന്നാണ് എന്‍റെ വിശ്വാസം. ചിലപ്പോള്‍ നന്നായി ബൗള്‍ ചെയ്താലും ഒന്നും നടക്കണമെന്നില്ല. ബൗളര്‍മാര്‍ക്ക് പരിശ്രമിക്കാനും ആക്രമിച്ചുകളിക്കാനും സാധിക്കുന്ന ടോട്ടല്‍ പടുത്തുയർത്താന്‍ നമുക്ക് സാധിച്ചില്ല. അതിനെയെല്ലാം അതിന്‍റെ അര്‍ഥത്തിലെടുത്ത് മറികടക്കുകയല്ലാതെ വേറെ വഴിയില്ല. വീണ്ടും ഗൃഹപാഠം നടത്തി തെറ്റുകള്‍ തിരുത്തിയേ തീരൂ. കിവീസ് ബൗളിങ്ങ് നിരക്ക് മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചുവെന്നും കോലി കൂട്ടിച്ചേർത്തു. ന്യൂസിലന്‍ഡ് അവരുടെ പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയെന്നും വിരാട് കോലി കൂട്ടിച്ചേർത്തു. ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ സമ്പൂർണ പരാജയമാണ് ഏറ്റുവാങ്ങിയത്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കിവീസ് 2-0ത്തിന് സ്വന്തമാക്കി. ടീം ഇന്ത്യ ക്രൈസ്റ്റ് ചർച്ചില്‍ ഏഴ് വിക്കറ്റിനും വെല്ലിങ്ടണില്‍ പത്ത് വിക്കറ്റിനും പരാജയപ്പെട്ടു.