ഡല്‍ഹി; മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഇന്ത്യൻ ടീമിലേക്ക് എപ്പോൾ മടങ്ങിയെത്തും എന്ന കാര്യം ദീർഘനാളായി ആരാധകർ ചോദിക്കുകയാണ്. ഇക്കാര്യത്തില്‍ ധോണി ഇതുവരെ മനസ് തുറന്നിട്ടില്ലെങ്കിലും ടീം ഇന്ത്യയുടെ മുഖ്യപരിശീലകൻ രവിശാസ്ത്രി ഒടുവില്‍ നയം വ്യക്തമാക്കി. ധോണി ഏകദിന ടീമില്‍ നിന്ന് വിരമിക്കുമെന്നാണ് രവിശാത്രി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വരുന്ന ടി-20 ലോകകപ്പ് ടീമില്‍ ധോണിയുണ്ടാകുമെന്നും രവിശാസ്ത്രി പറയുന്നു.
ധോണിയുമായി താൻ സംസാരിച്ചിരുന്നു. ടെസ്റ്റ് കരിയർ ധോണി നേരത്തെ അവസാനിപ്പിച്ചതാണ്. ഏകദിനത്തോടും ധോണി ഉടൻ വിടപറഞ്ഞേക്കും. ടി-20 ഫോർമാറ്റിലാകും ഇനി ധോണി ശ്രദ്ധ കേന്ദ്രീകരിക്കുക. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന ആളല്ല ധോണി. ഐപിഎല്ലിലെ പെർഫോമൻസ് ഇന്ത്യൻ ടീമിലെ ധോണിയുടെ ഭാവി തീരുമാനിക്കുമെന്നും രവിശാസ്ത്രി പറയുന്നു. ഈ പ്രായത്തില്‍ അദ്ദേഹത്തിന്‍റെ ശരീരം കളിയോട് എങ്ങനെ പ്രതികരിക്കും എന്നത് കളിക്കളത്തില്‍ കാണാം. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകളില്‍ പരിചയസമ്പത്തും പ്രകടന മികവും മാത്രമാകും പരിഗണിക്കുക. മധ്യനിരയില്‍ ധോണി, റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരുടെ പ്രകടനം നിർണായകമാകും. 5-6 സ്ഥാനങ്ങളില്‍ ഇവരില്‍ ഒരാളാകും കളിക്കുകയെന്നും ശാസ്ത്രി നിലപാട് വ്യക്തമാക്കി.