സിഡ്‌നി: വെടിക്കെട്ട് ബാറ്റിങ് ശൈലി എപ്പോഴും തന്നില്‍ നിന്നും പ്രതീക്ഷിക്കരുതെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കെഎല്‍ രാഹുല്‍. ടീമിന്‍റെ ജയത്തിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കേണ്ടി വരുമ്പോള്‍ അത് ചെയ്യുന്നു, അത്രമാത്രം. കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാകത്തിലുള്ള കഴിവുകളല്ല തനിക്കുള്ളത്. ടീമിന്‍റെ ജയത്തിന് വേണ്ടി ഫീല്‍ഡില്‍ ആവുന്നതെല്ലാം ചെയ്യുന്നതാണ് പിന്തുടരുന്ന ശൈലിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നത് എത്രകാലം തുടരാനാകുമെന്ന് അറിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഏകദിന ക്രിക്കറ്റ് കളിച്ചിട്ട് കാലമേറെയായി. അതിനാല്‍ തന്നെ ഓസിസ് പരമ്പര നിര്‍ണായകമാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ നിരയില്‍ മാര്‍നസ് ലെബുഷെയിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ടീം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എതിര്‍ ടീമുകളെ സംബന്ധിച്ചെടുത്തോളം അപകടകാരിയായ ബാറ്റ്സ്‌മാനും ഫീല്‍ഡറുമാണ് മാക്‌സ്‌വെല്‍. അതിനാലാണ് അദ്ദേഹത്തെ ഐപിഎല്ലില്‍ തങ്ങളുടെ ടീമിനൊപ്പം ചേര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു. കൊവിഡിന് മുമ്പ് ലെബുഷെയിന്‍ നിരവധി മത്സരങ്ങളില്‍ കളിച്ചിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഓസിസ് പര്യടനത്തിന്‍റെ ഭാഗമായുള്ള ഏകദിന പരമ്പര ഈ മാസം 27ന് ആരംഭിക്കും. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളും പര്യടനത്തിന്‍റെ ഭാഗമായി നടക്കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായിട്ടാണ് ടെസ്റ്റ് പരമ്പര. പരമ്പര ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കും.