ഹൈദരാബാദ്: മഹാമാരിക്കെതിരെ ധീരമായ പോരാട്ടം നടത്തുന്ന മഹാരാഷ്‌ട്ര പൊലീസിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും മുന്‍ ഇന്ത്യന്‍ പേസർ സഹീർഖാനും. ഇരുവരും ട്വിറ്റർ അക്കൗണ്ടിന്‍റെ മുഖ ചിത്രം മഹാരാഷ്‌ട്ര പൊലീസിന്‍റെ ലോഗോയാക്കി മാറ്റിയാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരം മുഖചിത്രം മാറ്റിയത്. മഹാരാഷ്‌ട്ര പൊലീസിലെ 786 പേർക്കാണ് ഇന്നലെ വരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 13 ഓഫീസർമാരും മറ്റ് റാങ്കുകളിലുള്ള 63 പേരും രോഗ മുക്തരായി. മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പൊലീസുകാരുടെ എണ്ണം 703 ആണ്.
നേരത്തെ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും ചേർന്ന് അഞ്ച് ലക്ഷം രൂപ മുംബൈ പൊലീസിന്‍റെ വെല്‍ഫെയർ ഫണ്ടിലേക്ക് കൈമാറിയിരുന്നു. കൊവിഡ് വ്യാപിക്കുന്ന മുംബൈയിലും പരിസരപ്രദേശങ്ങളിലും മഹാരാഷ്‌ട്ര പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.