കേരളാ രഞ്ജിതാരം സന്ദീപ് വാര്യര്‍ ഐപിഎല്ലിന്‍റെ ഈ സീസണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കും. കൊല്‍ക്കത്ത ഈ സീസണില്‍ ടീമിലെടുത്തഇന്ത്യന്‍ താരങ്ങളിലൊരാള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പകരക്കാരനായി സന്ദീപിന് അവസരം കൈവന്നത്.
രഞ്ജി ട്രോഫിയിൽ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതാണ് പേസ് ബൗളറായ സന്ദീപിന് ഐപിഎല്ലിലേക്കുള്ള വഴി തെളിഞ്ഞത്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുണ്ടായിരുന്നെങ്കിലും ആരും സ്വന്തമാക്കാൻ തയ്യാറായിരുന്നില്ല. 20 ലക്ഷം രൂപയായിരുന്നു താരലേലത്തില്‍ സന്ദീപിന്‍റെഅടിസ്ഥാന വില. ഈ തുക തന്നെയാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുക.
2013 മുതൽമൂന്ന് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെതാരമായിരുന്നെങ്കിലും ഐപിഎല്ലില്‍ കളിക്കാനുള്ള അവസരം ഇതുവരെ ഈ മലയാളി താരത്തിന് ലഭിച്ചിരുന്നില്ല. ഈ സീസണ്‍ രഞ്ജി ട്രോഫിയിലെ 10 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളും, മുഷ്താഖ് അലി ടി-20 ടൂര്ണമെന്റില് ആറ് കളികളില്‍ നിന്ന് എട്ട് വിക്കറ്റുകളും സന്ദീപ് നേടിയിരുന്നു. താരം ഇന്ന് കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേരുമെന്നാണ് സൂചന.