കൊൽക്കത്ത: അടുത്ത വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി 20 മത്സരങ്ങൾ ഇന്ത്യ കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റുകൾ, മൂന്ന് ഏകദിനങ്ങൾ, അഞ്ച് ടി 20 മത്സരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പര്യടനമായിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് പറഞ്ഞു. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പായിരിക്കും ടീമിന് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി 20 മത്സരങ്ങളെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
വരാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയെക്കുറിച്ച് ചോദിച്ചപ്പോൾ ഗാംഗുലി പറഞ്ഞു: “ടീം ഓസ്‌ട്രേലിയയിലാണ്, അവർ നവംബർ 11 ന് എത്തി, ക്വാറന്‍റൈന്‍ പൂർത്തിയാക്കി, അവർ കളത്തിലിറങ്ങാൻ തയ്യാറാണ്." ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി 20 യിലും നാല് ടെസ്റ്റുകളിലുമാണ് കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്.
ആദ്യ ഏകദിനം വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (എസ്‌സിജി) നടക്കും. ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് മാത്രമാണ് കളിക്കുന്നത്, തുടർന്ന് നാട്ടിലേക്ക് മടങ്ങും.