കോഴിക്കോട്: മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. ഇന്ന് (ജനുവരി 23) രാവിലെയാണ് സംഭവം. കൂരങ്കൽ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വന്യമൃഗങ്ങളുടെ ആക്രമണം നിരന്തരം നേരിടുന്ന പ്രദേശമാണിത്. ഇന്നലെ (ജനുവരി 22) രാത്രി ആനക്കൂട്ടം എത്തിയപ്പോൾ ഒരെണ്ണം കിണറ്റിൽ വീണതായാണ് നിഗമനം.
കൃഷി ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന കിണറിന് മൂടുപടമുണ്ടായിരുന്നില്ല. വയനാട്ടിൽ നിന്ന് വിദഗ്‌ധസംഘം എത്തി ആനയെ പരിശോധിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി കാർത്തിക് പറഞ്ഞു. കിണറിന്‍റെ വശങ്ങളിടിച്ച് ആനയെ കരക്കെത്തിച്ചതിന് ശേഷം മയക്കുവെടി വച്ച് പിടുകൂടാനാണ് ആലോചന.
ഇത് സംബന്ധിച്ച് ചീഫ് എലിഫന്‍റ് വാർഡന്‍റെ നിർദേശം വേണം. നിർദേശം ലഭിച്ചാൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മാത്രമേ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നീക്കങ്ങൾ നടത്തു എന്നും ഡിഎഫ്ഒ വ്യക്തമാക്കി.
കിണറിന്‍റെ വശങ്ങളിടിച്ച് ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. എന്നാല്‍ നാട്ടുകാര്‍ ഇത് സമ്മതിച്ചില്ല. മയക്കുവെടിവെച്ച് ആനയെ ദൂരസ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയത്തിൽ നാട്ടുകാരുടെ വികാരം കൂടി മനസിലാക്കി തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആനയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിലും മയക്കുവെടി വയ്ക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. ആനയെ ഇവിടെ നിന്ന് മാറ്റിയതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ല. വനം മന്ത്രിയുടെ നിർദേശങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആനയെ മയക്കുവെടി വച്ച് കിണറ്റിൽ നിന്ന് കയറ്റി ദൂരെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പ്രതിഷേധക്കാരോട് പറഞ്ഞിരിക്കുന്നത്.
സ്ഥലം സന്ദർശിച്ച മുൻ എംഎൽഎ പിവി അൻവർ വനം വകുപ്പിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ചു. ആന ചവിട്ടി കൊല്ലുമ്പോൾ കൊടുക്കാനുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ട് വച്ചിരിക്കുകയാണ് വനം വകുപ്പെന്നും ആനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിലൊക്കെ ചെയ്യുന്നത് പോലെ വെടിവച്ച് കൊല്ലേണ്ടവനെ വെടിവച്ച് കൊല്ലണമെന്ന് പിവി അൻവർ പറഞ്ഞു. മനുഷ്യർക്ക് ഇവിടെ ജീവിക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഫോറസ്‌റ്റ് ഓഫിസർമാരെല്ലാം ഇടുക്കിയിലാണെന്നും അവിടെ ഒരു ആനയ്ക്ക് ചെറിയ മുറിവ് വന്നത് ചികിത്സിക്കുകയാണെന്നും പിവി അൻവർ പരിഹസിച്ചു.
അതേസമയം മനുഷ്യർക്ക് എന്തെങ്കിലും വന്നാൽ ചോദിക്കാൻ ആരുമുണ്ടാകില്ല എന്നും അഞ്ച് ലക്ഷം കൊടുത്ത് സർക്കാർ ബാധ്യത തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഒരുമിച്ച് നിന്ന് ഇതിനെ എതിർക്കേണ്ട സ്ഥിതിയാണെന്നും ഫോറസ്‌റ്റ് ഓഫിസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.