പോച്ചെഫ്‌സ്‌ട്രൂം(ദക്ഷിണാഫ്രിക്ക): അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇരുടീമുകളും സെമി വരെയെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മികച്ച പ്രകടനമാണ് ഈ ലോകകപ്പിലും പുറത്തെടുത്തത്.
ക്വാർട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്താണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. അതേസമയം ദുർബലരായ അഫ്‌ഗാനിസ്ഥാനായിരുന്നു ക്വാർട്ടറില്‍ പാകിസ്ഥാന്‍റെ എതിരാളികൾ. ജപ്പാനെ പത്ത് വിക്കറ്റിനും ശ്രീലങ്കയെ 90 റൺസിനും ന്യൂസിലൻഡിനെ 44 റൺസിനും തോല്‍പ്പിച്ച് നോക്കൗട്ട് കടന്ന ഇന്ത്യ നിലവിലെ ചാമ്പ്യന്മാരാണെന്നത് അനുകൂല ഘടകമാണ്. എന്നാല്‍ ഈ ലോകകപ്പില്‍ പാകിസ്ഥാൻ കരുത്തരായ ഒരു ടീമിനെ പോലും നേരിട്ടിട്ടില്ല എന്നത് അവർക്ക് വെല്ലുവിളിയാകും. കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന ഏഷ്യകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്. നാല് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകൾ വീഴ്‌ത്തിയ രവി ബിഷ്‌ണോയ്, 207 റൺസുമായി ബാറ്റിങ്ങില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാൾ തുടങ്ങിയവരാണ് ഇന്ത്യയുടെ കരുത്ത്. ഇരുടീമുകളും ഒമ്പത് തവണ നേർക്കുനേർ വന്നപ്പോൾ അഞ്ച് മത്സരങ്ങളില്‍ പാകിസ്ഥാനും നാല് മത്സരങ്ങളില്‍ ഇന്ത്യയും ജയം സ്വന്തമാക്കി.
2018 ഫെബ്രുവരി രണ്ടിനായിരുന്നു ഇന്ത്യയുടെ അണ്ടർ 19 ടീം ഏകദിന ക്രിക്കറ്റ് കിരീടം നാലാം തവണ സ്വന്തമാക്കുന്നത്. ഇന്ത്യൻ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്‍റെ ശിക്ഷണത്തില്‍ പൃഥ്വി ഷാ നേതൃത്വം നല്‍കിയ ടീമാണ് നാലാം കിരീടം നേടിയത്. 2018ലും സെമിയില്‍ ഇന്ത്യയുടെ എതിരാളികൾ പാകിസ്ഥാനായിരുന്നു. അന്ന് യുവതാരം ശുഭ്‌മാൻ ഗില്ലിന്‍റെ സെഞ്ച്വറി മികവില്‍ ഇന്ത്യ 203 റൺസിന്‍റെ ജയമാണ് സ്വന്തമാക്കിയത്.
സ്ക്വാഡ്:
ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, ദിവ്യാൻഷ് സക്‌സേന, തിലക് വെർമ, പ്രിയം ഗാർഗ്(നായകൻ), ധ്രുവ് ജൂറല്‍, സിദ്ദേഷ് വീർ, അഥർവ അൻകോലേക്കർ, രവി ബിഷ്‌ണോയ്, ശുഷാന്ത് മിശ്ര, കാർത്തിക് ത്യാഗി, ആകാശ് സിംഗ്, വിദ്യാദർ പാട്ടീല്‍, ശുഭാംഗ് ഹെഡ്‌ഗെ, സാഷ്‌വാത്ത് റാവത്ത്, കുമാർ കുഷാഗ്ര
പാകിസ്ഥാൻ: ഹൈദർ അലി, മുഹമ്മദ് ഹുറൈറ, റോഹൈല്‍ നസീർ, ഫഹദ് മുനീർ, കാസീം അക്രം, മുഹമ്മദ് ഹാരീസ്, ഇർഫാൻ ഖാൻ, അബാസ് അഫ്രീദി, താഹിർ ഹുസൈൻ, അമീർ അലി, മുഹമ്മദ് അമീർ ഖാൻ, മുഹമ്മദ് വാസീം ജൂനിയർ, അബ്‌ദുല്‍ ബംഗ്ലസായ്, മുഹമ്മദ് ഷെഹ്‌സാദ്, അരീഷ് അലി ഖാൻ