കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയുടെ തുടര്‍ ചികിത്സാ പദ്ധതികള്‍ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തിങ്കളാഴ്‌ച യോഗം ചേരും. വുഡ്‌ലാൻഡ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാംഗുലി നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്‌ച രാവിലെ 11 മണിയോടെ ഹോം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഗാംഗുലിയെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചക്ക് ഒരുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിക്ക് നെഞ്ചുവേദന, ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടിരുന്നു. മൈനര്‍ കാര്‍ഡിയാക്ക് അറസ്റ്റാണെന്ന് തിരിച്ചറിഞ്ഞ ഡോക്‌ടര്‍മാര്‍ ഉടന്‍ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയില്‍ എത്തി ഗാംഗുലിയെ സന്ദർശിച്ചിരുന്നു.
ഗാംഗുലി ആരോഗ്യവാനാണെന്നും ആശങ്കപ്പെടാനില്ലെന്നും അവര്‍ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം എന്നോട് സംസാരിച്ചു. ഡോക്ടർമാരും ആശുപത്രി അധികൃതരും ശരിയായ തീരുമാനം തക്ക സമയത്ത് എടുത്തു. ഗാംഗുലിയെ പോലുള്ള അന്താരാഷ്‌ട്ര കായികതാരങ്ങൾ ശാരീരിക പരിശോധനക്ക് വിധേയരാകാന്‍ മടി കാണിക്കരുത്. ടൂര്‍ണമെന്‍റുകള്‍ക്ക് മുമ്പ് ക്രിക്കറ്റ് താരങ്ങളുടെ മെഡിക്കൽ പരിശോധന നടത്താൻ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അവിഷേക് ദാൽമിയയോട് മമത ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ബുധനാഴ്ച ഗാംഗുലി ഈഡൻ ഗാർഡൻസ് സന്ദർശിച്ചിരുന്നു. വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. സിഎബി പ്രസിഡന്‍റ് അവിഷേക് ഡാൽമിയയുമായി തുടര്‍ന്ന് ഗാംഗുലി ചർച്ച നടത്തിയിരുന്നു.